കോവിഡ് 19: പ്രവാസികളുടെ പരിശോധനയ്ക്കായി കുവൈറ്റിൽ പ്രത്യേക മെഡിക്കല്‍ സെന്റർ

0
9

കുവൈറ്റ്: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവാസികൾക്കായി പ്രത്യേക മെഡിക്കൽ സെന്റെർ തുറന്ന് കുവൈറ്റ്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മിഷ്റെഫ് ഇന്റർനാഷണൽ ഫെയർ ഗ്രൗണ്ടിലാണ് പ്രവാസികൾക്കായി പ്രത്യേക പരിശോധന കേന്ദ്രം തുറന്നിരിക്കുന്നത്.

ഫെബ്രുവരി 27 നോ അതിനു ശേഷമോ രാജ്യത്തെത്തിയ എല്ലാ പ്രവാസികളും പരിശോധനയ്ക്കായി ഇവിടെ എത്തണമെന്നാണ് നിർദേശം. പരിശോധനയ്ക്കെത്തുന്നവർ സിവിൽ ഐഡിയും പാസ്പോർട്ടും നിർബന്ധമായും കരുതിയിരിക്കണമെന്നും ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച നിർദേശത്തിൽ പറയുന്നു. ഇക്കാര്യത്തിൽ ഏതെങ്കിലും തരത്തിൽ വീഴ്ട വരുത്തിയാൽ പിഴ ശിക്ഷ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

രാവിലെ എട്ട് മുതൽ വൈകിട്ട് ആറു വരെയാണ് പ്രത്യേക മെഡിക്കൽ സെന്‍റെറിന്റെ പ്രവര്‍ത്തനസമയം. ഗവർണേറ്റുകൾ അനുസരിച്ച് പ്രവാസികൾക്ക് പരിശോധനയ്ക്കെത്താൻ പ്രത്യേക തീയതിയും അറിയിച്ചിട്ടുണ്ട്.

മാർച്ച് 12 വ്യാഴം- അൽ ജഹ്ര
മാർച്ച് 13 വെള്ളി- മുബാറക് അൽ കബീർ
മാർച്ച് 14 ശനി- ഫര്‍വാനിയ
മാർച്ച് 15 ഞായർ- ഹവാല്ലി
മാർച്ച് 16 തിങ്കൾ- അഹമ്മദി
മാർച്ച് 17 ചൊവ്വ- അൽ അസിമ എന്നിങ്ങനെയാണ് ഗവർണേറ്റുകൾക്ക് അനുവദിച്ച തീയതി.