അവിദഗ്ധ തൊഴിലാളികൾ കുവൈത്തിലേക്ക് കടക്കുന്നത് തടയാൻ സർക്കാർ നടപടി

കുവൈത്ത്: പ്രവാസികളുടെ തൊഴില്പരമായ വൈദഗ്ദ്ധ്യം ഉറപ്പുവരുത്തുന്നതിനു വേണ്ടി കർശന നടപടികളുമായി കുവൈത്ത്. രാജ്യത്ത് പ്രവേശിക്കുന്നതിനു മുൻപ് തൊഴിലാളികളുടെ സ്വദേശത്ത് വച്ച് ഏജൻസികളുടെ സഹായത്തോടെ തൊഴിൽമേഖലകളിൽ ഉള്ള അവരുടെ കഴിവ് പരിശോധിക്കും. അതത്‌ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട പ്രായോഗിക പരിജ്ഞാനം അവർക്ക് ഉണ്ട് എന്ന് ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് ഇത്. അന്താരാഷ്ട്ര നിലവാരമുള്ള ഏജൻസിയെയാണ് അധികൃതർ ഇതിനുവേണ്ടി ചുമതലപെടുത്തുക. തൊഴിലാളികൾക്ക് എഴുത്തുപരീക്ഷയും പ്രായോഗിക പരീക്ഷയും ആയിരിക്കും ഇതിനുവേണ്ടി നടത്തുക .ഓരോ രാജ്യത്തെയും കുവൈത്ത് എംബസികളിൽ നിന്നും ഇതിനായി സഹായവും ലഭിക്കും.
അവിദഗ്ധ തൊഴിലാളികളുടെ കടന്നുകയറ്റം കുറയ്ക്കുന്നതിലൂടെ കുവൈറ്റിലെ തൊഴിൽ മേഖലയുടെ ഗുണനിലവാരം വർദ്ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതോടൊപ്പം കുവൈത്ത് സ്വദേശികൾക്ക് വിവിധ മേഖലകളിൽ പരിശീലനം നൽകുന്നതിനുള്ള നടപടികളും കൈക്കൊള്ളും.
സ്വകാര്യമേഖലയിലുള്ള തൊഴിലാളികളും തൊഴിൽ വൈദഗ്ധ്യം തെളിയിക്കണം. നിലവിൽ കുവൈത്തിലുള്ള തൊഴിലാളികൾക്കും ഇത് ബാധകമാകും എന്നാണ് റിപ്പോർട്ടുകൾ. ഓരോ വർഷവും 20 പ്രൊഫഷനുകൾ വീതം ഉൾപ്പെടുത്തി നാല് വർഷം കൊണ്ട് 80 പ്രൊഫഷനുകളിൽ തൊഴിലാളി വൈദഗ്ദ്ധ്യം ഉറപ്പാക്കും. ആദ്യഘട്ടത്തിൽ ഏതൊക്കെ ഒക്കെ വിഭാഗങ്ങളിലാണ് ഇത് നടപ്പാക്കുക എന്ന് തീരുമാനിച്ചിട്ടില്ല.