സൗദിയിൽ വാക്സിനേഷൻ സെൻറർ ഇൻറെ പ്രവർത്തിസമയം അർദ്ധരാത്രി വരെ ദീർഘിപ്പിച്ചു

ദമാം : സൗദിയിൽ വാക്സിനേഷൻ സെൻറർ ഇൻറെ പ്രവർത്തിസമയം ദീർഘിപ്പിക്കുന്നു. കിഴക്കൻ പ്രവിശ്യയിലെ വാക്‌സിനേഷൻ സെന്ററിന്റെ പ്രവൃത്തി സമയമാണ് അർധ രാത്രി 12.30 വരെ ദീർഘിപ്പിച്ചത്.
അവധി ദിവസങ്ങളായ വെള്ളി, ശനി എന്നീ ദിവസങ്ങളിലും വാക്‌സിൻ സെന്റർ പ്രവർത്തിക്കുന്നതായി ആരോഗ്യ വകുപ്പിനു കീഴിലെ കമാണ്ട് ആന്റ് കൺട്രോൾ സെന്റർ അറിയിച്ചു. പ്രദേശത്ത് വാക്‌സിൻ സെന്ററിന്റെ ശേഷി ഉയർത്തിവരികയാണ്, കഴിഞ്ഞ രണ്ടു ദിവസത്തിനിടെ കിഴക്കൻ പ്രവിശ്യ വാക്‌സിൻ സെന്ററിൽ 40,000 ഡോസ് വാക്‌സിൻ കൂടി എത്തിയിട്ടുണ്ട്. കൂടുതല്‍ വാക്സിന്‍ എത്തുന്നതിനനുസരിച്ച് നിരവധി വാക്‌സിൻ സെന്ററുകൾ ആരംഭിക്കുമെന്നും അധികൃതർ പറഞ്ഞു. അൽഹസയിലും ദമാം പ്രിൻസ് മുഹമ്മദ് ആശുപത്രിയിലും വാക്‌സിൻ സെന്ററുകൾ തുറന്നേക്കുമെന്നും കിഴക്കൻ പ്രവിശ്യ ആരോഗ്യ വകുപ്പ് മേധാവി ഡോ. ഇബ്രാഹിം അൽഅരീഫി അറിയിച്ചു.
ദഹ്‌റാൻ എക്‌സിബിഷൻ സെന്ററിലാണ് കിഴക്കൻ പ്രവിശ്യയിൽ കൊറോണ വാക്‌സിൻ സെന്റർ തുറന്നിരിക്കുന്നത്. റിയാദിനും ജിദ്ദക്കും ശേഷം സൗദിയിലെ മൂന്നാമത്തെ വാക്‌സിൻ സെന്ററാണിത്. നിലവിൽ 240 ആരോഗ്യ പ്രവർത്തകർ ഇവിടെ സേവനമനുഷ്ഠിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ സൗദിയുടെ മറ്റു മേഖലകളിലും വാക്സിന്‍ എത്തിക്കാനുള്ള കഠിന ശ്രമത്തിലാണ് ആരോഗ്യ വകുപ്പ് .