ദോഹ : റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ബർസാൻ പ്രാദേശിക ഗ്യാസ് വിതരണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തെക്കുറിച്ച് വിശദീകരിക്കാൻ ഖത്തർ എനർജി ദോഹയിൽ വാർത്താസമ്മേളനം നടത്തി. അപകടത്തിൽ ഇന്ത്യക്കാരും പാകിസ്താനികളുമായ 13 പേർ മരണപ്പെട്ടതായി വാർത്താസമ്മേളനത്തിൽ സ്ഥിരീകരിച്ചു. കൂടാതെ 66 പേർക്ക് പരിക്കേൽക്കുകയും അവർ നിലവിൽ ചികിൽസയിൽ കഴിയുകയുമാണ്, എന്നാൽ ആരുടെയും പരിക്ക് ഗുരുതരമല്ല. ഇവരിലും ഇന്ത്യക്കാർ ഉണ്ട്. സ്വദേശികളും ഏഷ്യൻ, ആഫ്രിക്കൻ പൗരൻമാരുമാണ് മറ്റുള്ളവർ.
ജൂൺ 21 ഞായറാഴ്ച രാത്രി 10:30 ഓടെയാണ് അപകടമുണ്ടായതെന്നും ഇത് യാദൃച്ഛികമായി സംഭവിച്ചതാണെന്നും അട്ടിമറി പ്രവർത്തനങ്ങളോ മറ്റ് ശത്രുതാപരമായ നീക്കങ്ങളോ ഇതിന് പിന്നിലില്ലെന്നും ഊർജ്ജ കാര്യ സഹമന്ത്രിയും ഖത്തർ എനർജി സിഇഒയുമായ സാദ് ഷെരിദ അൽ കാബി വ്യക്തമാക്കി. ഖത്തർ എനർജി അടിയന്തര വിഭാഗവും സിവിൽ ഡിഫൻസും ചേർന്ന് തീ ഉടനടി പൂർണ്ണമായി അണച്ചിരുന്നു.
അടിയന്തര അറ്റകുറ്റപ്പണികൾക്കായി 2025 ഡിസംബർ മുതൽ അടച്ചിട്ടിരുന്ന ഈ പ്ലാന്റ് രണ്ട് ദിവസം മുൻപാണ് വീണ്ടും പ്രവർത്തിപ്പിച്ചു തുടങ്ങിയത്. ഇതൊരു പ്രാദേശിക പദ്ധതിയായതിനാൽ രാജ്യത്തിന്റെ കയറ്റുമതി ശേഷിയെ ഈ അപകടം ഒട്ടും ബാധിക്കില്ലെന്നും ഖത്തറിന്റെ ആഭ്യന്തര ഊർജ്ജ ആവശ്യങ്ങൾ സുഗമമായി നിറവേറ്റാൻ നിലവിൽ യാതൊരു തടസ്സവുമില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.






























