കുവൈറ്റിൽ ജോലി വാഗ്ദനം ചെയ്ത് തട്ടിപ്പ്: യുവാവ് അറസ്റ്റിൽ

കോട്ടയം: കുവൈറ്റിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. ചേർത്തല സ്വദേശിയായ ജോ ഫിലിപ്പ് (37) ആണ് അറസ്റ്റിലായത്. ബംഗളൂരുവിൽ ബ്രൈറ്റ് ഗ്ലോബൽ സൊല്യൂഷ്യൻസ് എന്ന കമ്പനി നടത്തി വരികയാണ് ജോ. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ്.

മൂലവട്ടം സ്വദേശിനിയായ ആതിര എന്ന യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾ കുടുങ്ങിയത്. ലാബ് ടെക്നീഷ്യനായ യുവതിക്ക് കുവൈറ്റിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് രണ്ട് ലക്ഷം രൂപ ജോ വാങ്ങിയിരുന്നു. ആതിരയുടെ സുഹൃത്തുക്കൾക്ക് ഇതേ കമ്പനി വഴി ജോലി ലഭിച്ച സാഹചര്യത്തിലാണ് ആതിരയും ഇവരുമായി ബന്ധപ്പെട്ടത്. എന്നാൽ പണം നൽകി മാസങ്ങൾ പിന്നിട്ടിട്ടും ജോലി ലഭിക്കാത്തതിനെ തുടർന്ന് ആതിര ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു.