ഡൽഹി: യുകെയിൽ അതിവേഗം പടരുന്ന പുതിയ തരം കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യയിലും മുൻകരുതൽ നടപടികൾ ആരംഭിച്ചു. ഇതു സംബന്ധിച്ച് ചർച്ച ചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് യോഗം ചേരും. അതേ സമയം യുകെയിലെ സാഹചര്യം നിരീക്ഷിച്ചു വരുകയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
ഇവിടെ നിന്നുള്ള വിമാന സർവീസുകൾ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ നയപരമായ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. എന്നാൽ ഇക്കാര്യം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നാണ് അറിയുന്നത്. മോണിറ്ററിംഗ് ഗ്രൂപ്പിലെ അംഗമായ ലോകാരോഗ്യ സംഘടനയിലെ ഇന്ത്യയുടെ പ്രതിനിധി റോഡെറിക്കോ എച്ച് ഒഫ്രിനും ഇന്ന് ചേരുന്ന യോഗത്തിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്.
യൂറോപ്യൻ രാജ്യങ്ങൾ യാത്രാ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. അയർലൻഡ്, ജർമനി, ഫ്രാൻസ്, ഇറ്റലി, നെതർലൻഡ്സ്, ബെൽജിയം എന്നീ രാജ്യങ്ങളെല്ലാം യുകെയിൽനിന്നുള്ള വിമാനസർവീസ് നിർത്തിവച്ചു.
യുകെയിൽ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച ഈ വൈറസ് അതിവേഗം മനുഷ്യരിൽ പടരുമെങ്കിലും എത്രത്തോളം അപകടകാരിയാണെന്ന് വ്യക്തമല്ല. ഇതേ വൈറസ് നെതർലൻഡ്സ്, ഡെൻമാർക്ക്, ഓസ്ട്രേലിയ രാജ്യങ്ങളിലെ കോവിഡ്-19 രോഗികളിൽ കണ്ടെത്തിയിട്ടുണ്ട്. ലണ്ടൻ ഉൾപ്പെടുന്ന തെക്കു-പടിഞ്ഞാറൻ ഇംഗ്ലണ്ടിലാണ് പുതിയ കൊറോണ വൈറസ് കൂടുതലായി കാണപ്പെടുന്നത്.