തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഇന്ന്

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ ഇന്ന് സത്യപ്രതിജ്ഞ ചെയ്‌ത്‌ചുമതലയേൽക്കും. കോർപറേഷനുകളിൽ കലക്‌ടർമാരും മുനിസിപ്പാലിറ്റികളിൽ കമീഷൻ നിയോഗിച്ചിട്ടുള്ള വരണാധികാരികളും പ്രതിജ്ഞ ചെയ്യിക്കും. പ്രായംകൂടിയ അംഗത്തിന്‌ വരണാധികാരികൾ ആദ്യം പ്രതിജ്‌ഞ ചൊല്ലിക്കൊടുക്കും.തുടർന്ന്‌ മുതിർന്ന അംഗം മറ്റുള്ളവരെ സത്യപ്രതിജ്‌ഞ ചെയ്യിക്കും.
അതിനുശേഷം തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ആദ്യ യോഗവും ചേരും.
കോവിഡ് പോസിറ്റീവായവരും ക്വാറന്റൈനിലുള്ളവരും പിപിഇ കിറ്റ് ധരിച്ചാണെത്തുക. ഒടുവിലാകും ഇവരുടെ സത്യപ്രതിജ്ഞ. മുനിസിപ്പാലിറ്റികളിലെയും കോർപറേഷനുകളിലെയും അധ്യക്ഷ തെരഞ്ഞെടുപ്പ് 28ന് രാവിലെ 11നും ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് പകൽ രണ്ടിനും നടത്തും. ഗ്രാമ, ബ്ലോക്ക്‌, ജില്ലാ പഞ്ചായത്തുകളിലെ അധ്യക്ഷ തെരഞ്ഞെടുപ്പ് 30ന്‌ രാവിലെ 11നും ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് പകൽ രണ്ടിനുമാണ്‌.
സത്യപ്രതിജ്ഞയ്‌ക്കായി യോഗം ചേരുമ്പോൾ മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും വേണമെന്ന്‌ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി ഭാസ്‌കരൻ നിർദേശിച്ചു.‌