വാക്സിനേഷൻ തോത് വർധിപ്പിക്കണം; കൂടുതൽ വാക്സിൻ എത്തിച്ചു നൽകണമെന്ന് മരുന്ന് നിർമാണ കമ്പനികളോട് ആരോഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി: രാജ്യത്തെ ദിനേനയുള്ള വാക്സിനേഷൻ തോത് വർദ്ധിപ്പിക്കുന്നതിനായി കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾക്ക് അനുമതി നൽകിയെങ്കിലും നിലവിൽ ലഭ്യമായ കോവിഡ് വാക്സിനുകൾ പര്യാപ്തമല്ലെന്ന് ആരോഗ്യ മന്ത്രാലയം വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു ദിനം പതിനായിരം പേർ വാക്സിനേറ്റ് ചെയ്യണമെന്ന ആരോഗ്യ മന്ത്രാലയത്തിൻ്റെ മുൻ തീരുമാനം ഇതുവരെയും നടപ്പാക്കാൻ ആയിട്ടില്ല. രാജ്യത്തേക്ക് കൂടുതൽ വാക്സിൻ എത്തിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രാലയം വാക്സിൻ നിർമ്മാതാക്കളായ ഓക്സ്ഫോർഡ് , ഫൈസർ എന്നിവയുടെ അധികൃതരുമായി ചർച്ച നടത്തിയതായും മന്ത്രാലയവൃത്തങ്ങൾ വ്യക്തമാക്കി. ജനിതക മാറ്റം സംഭവിച്ച കോവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണം പ്രതിദിനം 10000 ആക്കുന്നതിനുള്ള ശ്രമങ്ങളാണ് മന്ത്രാലയം നടത്തുന്നത്.

ഫൈസർ വാക്സിൻ ഒരു ബാച്ച് കഴിഞ്ഞ ആഴ്ച രാജ്യത്ത് എത്തിയെങ്കിലും തുടർച്ചയായി എത്തുന്ന മരുന്നുകളുടെ ബാച്ചുകളും അളവും പരിമിതമാകുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ ഒരു സാഹചര്യത്തിൽ കൂടിയാണ് ആരോഗ്യ മന്ത്രാലയം അധികൃതർ മരുന്ന് നിർമാണ കമ്പനികളുമായി വീണ്ടും ചർച്ചകൾ നടത്തുന്നത് എന്ന് അൽ ഖബാസ് റിപ്പോർട്ട് ചെയ്തു.