കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത 7 സർക്കാർ ജീവനക്കാർക്കെതിരെ നടപടി , എല്ലാ വകുപ്പുകളിലും കർശന നിരീക്ഷണം

കുവൈത്ത് സിറ്റി : കോവിഡ് ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നത് സംബന്ധിച്ച അഡ്മിനിസ്ട്രേറ്റീവ് സർക്കുലർ ലംഘിച്ച ഏഴ് സർക്കാർ ജീവനക്കാർക്കെതിരെ നടപടി. ചോദ്യം ചെയ്യലിനായി ഇവരെ നിയമകാര്യ വകുപ്പിലേക്ക് റഫർ ചെയ്തതായി അൽ ജരിദ ദിനപത്രം റിപ്പോർട്ട് ചെയ്തു.

ആരോഗ്യ മാനദണ്ഡങ്ങൾ ലംഘിക്കുന്ന ജീവനക്കാരുടെ പേരും ഇവർക്ക് മേൽ ചുമത്തേണ്ട പിഴ വിവരങ്ങൾ അടങ്ങിയ പട്ടിക തയ്യാറാക്കാൻ സിവിൽ സർവീസ് ബ്യൂറോയെ മന്ത്രിസഭ ചുമതലപ്പെടുത്തിയിരുന്നു. അഡ്മിനിസ്ട്രേറ്റീവ് പ്ലാനിംഗ് ആന്റ് ഡവലപ്മെൻറ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി, സാമ്പത്തിക ഭരണകാര്യങ്ങൾക്കുള്ള ആക്ടിംഗ് അസിസ്റ്റന്റ് കൂടിയായ അബ്ദുൽ അസീസ് സാരിക്കാണ് ചുമതല. ജീവനക്കാർക്ക് എതിരായ നിയമനടപടി സംബന്ധിച്ച വിവരം പ്രാദേശിക മാധ്യമങ്ങൾക്ക് നൽകിയത് അദ്ദേഹമാണ്

ഈ ജീവനക്കാർക്ക് അന്തിമ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിൽ അവർ പരാജയപ്പെട്ടാൽ ശമ്പളത്തിൽ നിന്ന് ഒരു നിശ്ചിത തുക പിഴയായി പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിൽ പ്രതിരോധിക്കുന്നതിന് വേണ്ടി നടപ്പാക്കിയ ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ജീവനക്കാരുടെ പ്രതിബദ്ധത ഉറപ്പാക്കാൻ എല്ലാ വകുപ്പുകളും കർശനമായി നിരീക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.