കോവിഡ് 19: കേരളത്തിൽ 12 പേരിൽ കൂടി വൈറസ് സ്ഥിരീകരിച്ചു

0
7

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും 12 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊറോണ പശ്ചാത്തലത്തിൽ എല്ലാ ദിവസവും നടത്തി വരുന്ന വാർത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. വൈറസ് സ്ഥിരീകരിച്ചവരെല്ലാം തന്നെ ഗള്‍ഫിൽ നിന്നെത്തിയവരാണ്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 52 ആയി. നേരത്തെ രോഗമുക്തരായ 3 പേരുടെ കണക്കുകൾ കൂടി ചേർത്താണിത്.

ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചവരിൽ ആറു പേർ കാസർഗോഡ് നിന്നുള്ളവരാണ്. 3 പേർ എറണാകുളത്തും 3 പേർ കണ്ണൂരും. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനായി സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് വില കൽപ്പിക്കാത്തവരെ സംബന്ധിച്ചും മുഖ്യമന്ത്രി പരാമര്‍ശിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ആളുകൾ എത്തുന്ന തരത്തിൽ ചില ഇടങ്ങളുണ്ട്. ഇത്തരം സംഭവങ്ങളൊന്നും ആവർത്തിക്കരുത്. സർക്കാർ നിർദേശങ്ങൾ പാലിക്കാതിരുന്നാൽ വേറെ മാർഗങ്ങൾ ഒന്നും മുന്നിലില്ലെന്നും കർശന നടപടികൾ തന്നെ എടുക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.