കുവൈറ്റ് സിറ്റി: കുവൈത്തിലെ മുബാറക് അൽ-കബീർ ഗവർണറേറ്റിൽ സ്ഥിതി ചെയ്യുന്ന അൽ-മസായേലിൽ പുതിയ ദേശീയ ഐഡന്റിറ്റി സെന്റർ ഔദ്യോഗികമായി ആരംഭിച്ച് ആഭ്യന്തര മന്ത്രാലയം. സേവന വിതരണം മെച്ചപ്പെടുത്തുന്നതിനും ഭരണ പ്രക്രിയകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വേണ്ടിയാണ് ഇത്തരം ഒരു നീക്കം.
സിവിൽ ഐഡി കാർഡുകളുടെ വിതരണവും പുതുക്കലും, ജനന മരണ സർട്ടിഫിക്കറ്റുകളുടെ വിതരണം, പാസ്‌പോർട്ട് ഇഷ്യുവും പുതുക്കലും, 18 വയസ്സ് തികഞ്ഞ വ്യക്തികൾക്ക് പൗരത്വം നൽകൽ തുടങ്ങിയവയാണ് ഇവിടെ ലഭിക്കുന്ന സേവനങ്ങൾ. ഔദ്യോഗിക പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 8:00 മുതൽ ഉച്ചയ്ക്ക് 1:30 വരെ സെന്റർ പ്രവർത്തിക്കും. ദേശീയത, താമസകാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ അലി അൽ-അദ്വാനി, ബ്രിഗേഡിയർ ജനറൽ ഫവാസ് നാസർ അൽ-റൗമി, കേണൽ സാദ് അൽ-ഖുദൈർ എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ഉദ്ഘാടന ചടങ്ങിന് നേതൃത്വം നൽകി. കുവൈറ്റിന്റെ ആധുനിക പ്രതിച്ഛായ പ്രതിഫലിപ്പിക്കുന്ന സുരക്ഷിതവും കാര്യക്ഷമവുമായ സേവനങ്ങൾ നൽകുന്നതിനായി അത്യാധുനിക സാങ്കേതികവിദ്യയാണ് ഈ കേന്ദ്രത്തിൽ സജ്ജീകരിച്ചിരിക്കുന്നത്.