കൊച്ചി.കൊച്ചി തീരത്തിന് സമീപം മുങ്ങിയ MSC ELSA 3 കപ്പലിനെതിരെ കോസ്റ്റൽ പൊലീസ് നിർണായക നടപടികളിലേക്ക് നീങ്ങുന്നു. കപ്പലിന്റെ മാസ്റ്റർ ഉൾപ്പെടെ അഞ്ച് നാവികരുടെ പാസ്പോർട്ടുകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവർ നിലവിൽ കൊച്ചിയിലാണു നിരീക്ഷണത്തിൽ കഴിയുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഫോർട്ട് കൊച്ചി പൊലീസ് കപ്പൽ ഉടമകൾക്കും ക്യാപ്റ്റന് എതിരെയും കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് ഈ നടപടി. കപ്പൽ ഉടമകളിൽ നിന്ന് കൂടുതൽ വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോസ്റ്റൽ പൊലീസ് കത്തയച്ചിട്ടുണ്ട്. കണ്ടെയ്‌നറുകളുടെ വിശദ വിവരങ്ങളും അതിലുണ്ടായിരുന്ന ചരക്കുകളുടെ വിവരങ്ങളും അടങ്ങുന്ന രേഖകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവസമയത്ത് MSC ELSA 3 കപ്പലിൽ ആകെ 643 കണ്ടെയ്‌നറുകൾ ഉണ്ടായിരുന്നു. ഇതിൽ 40 കണ്ടെയ്‌നറുകൾ കടലിലേക്ക് ഒഴുകുകയായിരുന്നു. അവയിൽ 13 എണ്ണം അപകടകരമായ ചരക്കുകളാണ്. അതിൽ 12 കണ്ടെയ്‌നറുകളിൽ കാൽഷ്യം കാർബൈഡ്, കൂടാതെ 84.44 മെട്രിക് ടൺ ഡീസൽ, 367.1 ടൺ ഫർണസ് ഓയിൽ അടങ്ങിയിരുന്നതായി അധികൃതർ അറിയിച്ചു.
പരിസ്ഥിതി അപകടസാധ്യതകളും നിയമലംഘനങ്ങളും പരിശോധിക്കുന്നതിനായി കൂടുതൽ അന്വേഷണ നടപടികൾ പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.





























