തിരുവനന്തപുരം:നന്തൻകോട് കൂട്ടക്കൊലപാതക കേസിൽ പ്രതി കേദൽ ജിൻസൻ രാജയ്ക്ക് ജീവപര്യന്തം തടവും 15 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴത്തുക ബന്ധുവായ ജോസിന് നൽകണമെന്ന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് ആറാം കോടതി ഉത്തരവിട്ടു. കോടതി നിരീക്ഷിച്ചത്, ഇത്തരം കേസുകൾ അപൂർവ്വങ്ങളിലും അപൂർവ്വം ആണെന്നാണ്.പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. കുറ്റകൃത്യത്തിന് മുമ്പും ശേഷവും പ്രതിയ്ക്ക് മാനസിക രോഗമില്ലെന്നും, മാനസിക പ്രശ്നമുണ്ടെങ്കിൽ ഉറ്റ ബന്ധുക്കളെ കൊല്ലാൻ സാധിക്കുമോ എന്നും ചോദ്യം ഉന്നയിച്ചു. എന്നാൽ, പ്രതിയുടെ വക്കീൽ മാനസിക പ്രശ്നങ്ങളും പ്രായവും പരിഗണിക്കാൻ ആവശ്യപ്പെട്ടു.
പ്രോസിക്യൂഷൻ വാദിച്ചത്, ഇതൊരു ആസൂത്രിത കൊലപാതകംആയിരുന്നുവെന്നാണ്. പെട്രോൾ വാങ്ങിയ സിസിടിവി ഫുട്ടേജും, കൊലയ്ക്ക് ശേഷം ചെന്നൈയിലേക്ക് പോയപ്പോൾ പ്രധാന രേഖകൾ കൊണ്ടുപോയതും ഇതിന് തെളിവാണെന്ന് അവർ സൂചിപ്പിച്ചു. മാനസിക അസുഖമുള്ളവർക്ക് ഇത് സാധ്യമല്ലെന്നും, പ്രതിക്ക് പശ്ചാത്താപം ഇല്ലെന്നും അവർ ഊന്നിപ്പറഞ്ഞു. എന്നാൽ, പ്രതിഭാഗം നിലപാടെടുത്തത്, ഈ കുറ്റകൃത്യം പൂർണ്ണ ബോധത്തോടെ നടത്തിയതല്ലെന്നും, പ്രായവും മാനസിക സ്ഥിതിയും പരിഗണിക്കേണ്ടതുണ്ടെന്നുമാണ്.
2017 ഏപ്രിൽ 9-ന് നടന്ന ഈ ക്രൂരമായ കൊലപാതകത്തിൽ, പ്രതി തന്റെ അച്ഛൻ രാജാ തങ്കം, അമ്മ ഡോക്ടർ ജീൻ പത്മ, സഹോദരി കരോലിൻ, ബന്ധു ലളിത എന്നിവരെ കഴുത്തിന് പുറകില്‍ മഴുകൊണ്ട് വെട്ടുകയും ശേഷം, മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുകയായിരുന്ന. 8 വർഷത്തെ അന്വേഷണത്തിന് ശേഷമാണ് ഇന്ന് ശിക്ഷ വിധിക്കപ്പെട്ടത്.പ്രതി കേദല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി ഇന്നലെ വിധിച്ചിരുന്നു. ശേഷം വാദം കേട്ട് വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.





























