ഓൺ‌ലൈനായി സ്പോൺസർഷിപ്പ് ട്രാൻസ്ഫർ സേവനം

കുവൈത്ത് സിറ്റി: സ്വകാര്യമേഖലയിലെ ആർട്ടിക്കിൾ 18 വിസയിൽ വരുന്ന തൊഴിലാളികൾക്കായി ആഭ്യന്തരമന്ത്രാലയം ഓൺ‌ലൈൻ സ്പോൺസർഷിപ്പ് ട്രാൻസ്ഫർ സേവനം ആരംഭിക്കുന്നു. www.moi.gov.kw, എന്ന വെബ്സൈറ്റ് വഴി ഈ സേവനങ്ങൾ ഇനി ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. ഈ വരുന്ന ചൊവ്വാഴ്ച മുതൽ സൈറ്റ് പ്രവർത്തനം ആരംഭിക്കുമെന്ന് അൽ-റായ് ദിനംപ്രതി റിപ്പോർട്ട് ചെയ്തു. എല്ലാ സേവനങ്ങളും ഇടപാടുകളും ഡിജിറ്റലായി പരിവർത്തനം ചെയ്യുന്നതിനായി മന്ത്രാലയം നടത്തിയ പരിശ്രമ ഫലമാണിതെന്നും ഓരോ ഇടപാടും വേഗത്തിൽ പൂർത്തിയാക്കുന്നതിനും സമയവും അധ്വാനവും ലാഭിക്കുന്നതിനും ഇത് സഹായകമാകുമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആന്റ് സെക്യൂരിറ്റി മീഡിയ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഒരു പത്രക്കുറിപ്പിൽ വിശദീകരിച്ചു,
ഇൻഫർമേഷൻ സിസ്റ്റംസ് ജനറൽ ഡിപ്പാർട്ട്‌മെന്റിന്റെയും റെസിഡൻസി അഫയേഴ്‌സ് മേഖലയുടെയും സംയോജിത പരിശ്രമത്തിലൂടെയാണ് ഈ സേവനം ആരംഭിച്ചത്. പൗരന്മാർക്കും പ്രവാസികൾക്കുമുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും ലളിതമാക്കുന്നതിനുമായി മന്ത്രാലയം അടുത്തിടെ ആരംഭിച്ച നിരവധി ഇലക്ട്രോണിക് സേവനങ്ങളിൽ ഒന്നാണിത്.