ഐസിഎസ്കെ സീനിയറിൽ ‘പാരഡൈം 2026’ കലാമേളയ്ക്ക് വർണാഭമായ സമാപനം

0
108

കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ (ICSK) സീനിയർ വിഭാഗത്തിൽ സംഘടിപ്പിച്ച വാർഷിക കലാമേള ‘പാരഡൈം 2026’ വർണാഭമായ പരിപാടികളോടെ സമാപിച്ചു. ജൂൺ 2, 3 തീയതികളിലായി നടന്ന കലാമേളയിൽ 425-ലധികം വിദ്യാർത്ഥികൾ 49 ഇനങ്ങളിലായി പങ്കെടുത്തു. ഫോറം ഓഫ് ഇന്ത്യൻ ഡോക്ടേഴ്സ് ഇൻ കുവൈത്ത് പ്രസിഡന്റായ ഡോ. സമീർ ഹുമാദ് മുഖ്യാതിഥിയായി പങ്കെടുത്ത് കലാമേള ഉദ്ഘാടനം ചെയ്തു. ഭാര്യ ശശി ഹുമാദും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അമൽ ഖോട്ട് വിശുദ്ധ ഖുർആനിൽ നിന്നുള്ള വചനങ്ങൾ പാരായണം ചെയ്തതോടെയാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് സ്കൂൾ ഗായകസംഘമായ സ്വരാഞ്ജലി അവതരിപ്പിച്ച പ്രാർഥനാഗാനവും കുവൈത്ത് ദേശീയഗാനവും നടന്നു.

ഐസിഎസ്കെ പ്രിൻസിപ്പലും സീനിയർ അഡ്മിനിസ്ട്രേറ്ററുമായ ഡോ. വി. ബിനുമോൻ സ്വാഗതപ്രസംഗം നടത്തി. കലാമേള വിദ്യാർഥികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും സാംസ്കാരിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നതായി അദ്ദേഹം പറഞ്ഞു. മുഖ്യാതിഥി ഡോ. സമീർ ഹുമാദും ഡോ. വി. ബിനുമോനും ചേർന്ന് നിലവിളക്ക് തെളിയിച്ചു. തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച ‘അലരിപ്പ് – ദി അവേക്കനിംഗ് ബ്ലൂം’ എന്ന സ്വാഗത നൃത്തം ശ്രദ്ധേയമായി. വിദ്യാർഥികൾ അക്കാദമിക് രംഗത്തിനൊപ്പം കലാ-കായിക മേഖലകളിലും മികവ് പുലർത്തണമെന്ന് മുഖ്യാതിഥി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ടീംവർക്ക്, ആത്മവിശ്വാസം, കഠിനാധ്വാനം എന്നിവയുടെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.

രണ്ട് ദിവസങ്ങളിലായി നടന്ന കലാമേളയിൽ സംഗീതം, നൃത്തം, ഫാഷൻ ഷോ, ബാൻഡ് മത്സരങ്ങൾ, ഗായന മത്സരങ്ങൾ എന്നിവ അരങ്ങേറി. വേദിക്ക് പുറത്തുള്ള മത്സരങ്ങളിൽ ചിത്രരചന, പെയിന്റിങ്, സർഗാത്മക രചന, പൂച്ചെണ്ട് നിർമ്മാണം, ബെസ്റ്റ് ഔട്ട് ഓഫ് വേസ്റ്റ് തുടങ്ങിയ ഇനങ്ങളും ഉൾപ്പെടുത്തി. വിദ്യാർഥികളുടെ കലാപരമായ കഴിവുകളും സർഗാത്മകതയും പ്രകടമാക്കുന്നതിനുള്ള വേദിയായി പാരഡൈം 2026 മാറി. കലാമേള ടീംവർക്ക്, സാംസ്കാരിക ബോധം, ആത്മവിശ്വാസം, സ്വതന്ത്ര ആവിഷ്കാരം തുടങ്ങിയ മൂല്യങ്ങൾ വളർത്താൻ സഹായിച്ചതായി സ്കൂൾ അധികൃതർ അറിയിച്ചു. ഐസിഎസ്കെ വൈസ് പ്രിൻസിപ്പൽ സൂസൻ രാജേഷിന്റെ നന്ദി പ്രസംഗത്തോടെയാണ് ഉദ്ഘാടന ചടങ്ങ് സമാപിച്ചത്. നിരവധി ശ്രദ്ധേയ പ്രകടനങ്ങൾക്കും മികവുറ്റ മത്സരങ്ങൾക്കും സാക്ഷ്യംവഹിച്ച പാരഡൈം 2026 വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും മറക്കാനാവാത്ത അനുഭവമായി.