ആസാദിന്റെ ആരോഗ്യസ്ഥിതി വഷളാകുന്നു: ആശുപത്രിയിലേക്ക് മാറ്റണമെന്ന് പ്രിയങ്ക

0
11

ന്യൂഡൽഹി: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ ആരോഗ്യനില മോശമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് AICC ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ നിലവില്‍ തിഹാർ ജയിലിലാണ് ആസാദ്. വിയോജിപ്പുകളെ അടിച്ചമർത്തുന്ന സർക്കാർ നയം ഭീരുത്വമാണെന്ന വിമര്‍ശനം ഉന്നയിച്ചു കൊണ്ടാണ് ആസാദിനെ എത്രയും വേഗം ആശുപത്രിയിലേക്ക് മാറ്റണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടിരിക്കുന്നത്

‘വിയോജിപ്പുകളെയും പ്രതിഷേധങ്ങളെയും അടിച്ചമർത്തുന്ന സർക്കാർ നയം ഭീരുത്വമാണ്.. മനുഷ്യത്വം പോലുമില്ലാതെയുള്ള അവരുടെ പെരുമാറ്റം ലജ്ജാകരമാണ്. വൈദ്യസഹായം നിഷേധിക്കുക എന്നല്ലാതെ, ചന്ദ്രശേഖറിനെ ജയിലിൽ പാർപ്പിച്ചിരിക്കുന്നതിന് യാതൊരു അടിസ്ഥാനവുമില്ല.. അയാൾക്ക് അനാരോഗ്യമുണ്ടെങ്കിൽ ചികിത്സയ്ക്കായി എത്രയും വേഗം എയിംസിലേക്ക് മാറ്റണം..’ എന്നാണ് പ്രിയങ്ക ട്വിറ്ററിൽ കുറിച്ചത്.

ചന്ദ്രശേഖറിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും അടിയന്തിര ചികിത്സ നൽകിയില്ലെങ്കിൽ ഹൃദയാഘാതം വരെയുണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹത്തിന്റെ ഡോക്ടർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ആരോഗ്യസ്ഥിതിയെക്കുറിച്ച് ആസാദ് നിരന്തരം ജയിൽ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും അവർ ചികിത്സ നിഷേധിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. അതേസമയം ജയിലിലെ ഡോക്ടര്‍മാര്‍ യഥാക്രമം പരിശോധനകള്‍ നടത്തുന്നുണ്ടെന്നും ചന്ദ്രശേഖറിന്റെ ആരോഗ്യ നില വളരെ തൃപ്തികരമാണെന്നുമാണ് ജയില്‍ അധികൃതര്‍ അറിയിച്ചത്.