പ്രവാസികളെയും കേരളത്തെയും അവഗണിച്ച കേന്ദ്ര ബജറ്റില്‍ പ്രതിഷേധം; കല കുവൈറ്റ്

0
12

കുവൈറ്റ്‌ സിറ്റി: പ്രവാസികളെയും കേരളത്തെയും അവഗണിച്ച കേന്ദ്ര ബജറ്റില്‍ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ – കല കുവൈറ്റ് പ്രതിഷേധം രേഖപ്പെടുത്തി. നാടിന്റെ സാമ്പത്തിക സ്രോതസിന്റെ മുഖ്യ പങ്കുവഹിക്കുന്ന പ്രവാസികളെ അപ്പാടെ മറന്നുകൊണ്ടുള്ള സമീപകാല കേന്ദ്ര ബജറ്റുകൾ പോലെ തന്നെയാണ് ഇത്തവണയും കേന്ദ്രം ബജറ്റ് അവതരിപ്പിച്ചത്. തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികള്‍ക്കായി പുനരധിവാസ പാക്കേജുകളോ ക്ഷേമ പദ്ധതികളോ ഒന്നും‌തന്നെ ബജറ്റില്‍ വകയിരുത്തിയിട്ടില്ല.കേരളത്തിന് പ്രത്യേക പാക്കേജുകളോ,കേരളം ആവശ്യപ്പെട്ട എയിംസ് ഉൾപ്പെടെയുള്ള 29 ഇന കാര്യങ്ങളോ ബജറ്റിൽ ഇല്ലെന്നത് കേരളത്തെ പൂർണമായും നിരാശപ്പെടുത്തി.

ആയുർവേദ ചികിത്സയെ പ്രോത്സാഹിപ്പിക്കുന്നതിനും ഗവേഷണത്തിനുമായി മൂന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (എഐഎ) പ്രഖ്യാപിച്ചപ്പോഴും ആയുർവേദത്തിന്റെ പ്രധാനകേന്ദ്രമായ കേരളത്തിന്
ഒന്നുപോലും ലഭിച്ചില്ല. ഏഴിടങ്ങളിൽ അതിവേഗ റെയിൽ ഇടനാഴി പ്രഖ്യാപിച്ചെങ്കിലും പട്ടികയിൽ കേരളം ഉൾപ്പെട്ടില്ല. കേരളത്തിന്റെ നിരന്തരമായ ആവശ്യങ്ങളൊക്കെ തന്നെ ഈ ബജറ്റിലും നിരാകരിച്ചിരിക്കുകയാണ്. സാമ്പത്തിക ഉപരോധത്തിലൂടെ കേരളത്തെ തകർക്കുന്ന നിലപാട് തുടരുന്ന കേന്ദ്ര സർക്കാർ, കേരളത്തോടുള്ള കടുത്ത വിവേചനമാണ് ബജറ്റിലൂടെ നടത്തിയത്.
ബജറ്റ് നിരാശാജനകമാണെന്നും ഇതിൽ പ്രവാസി സമൂഹത്തിന്റെ ആകെ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായും കല കുവൈറ്റ്‌ പ്രസിഡന്റ്‌ അൻസാരി കടയ്ക്കൽ, ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.