ഡൽഹി : സിങ്കുവിൽ കർഷകർക്കെതിരെ പ്രദേശ വാസികൾ എന്ന വ്യാജേന അക്രമം അഴിച്ചുവിട്ടത് ബിജെപി പ്രവർത്തകർ എന്ന് തെളിയിക്കുന്നതിനുള്ള ചിത്രങ്ങളും ദൃശ്യങ്ങളും ദേശീയ മാധ്യമങ്ങൾ പുറത്തു വിട്ടു. ഇന്നലെ സംഘടിച്ചെത്തിയ ഒരുസംഘം സമരം ചെയ്യുകയായിരുന്നു കർഷകർക്ക് നേരെ കല്ലുകൾ വലിച്ചെറിയുകയായിരുന്നു, തുടർന്നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
ആജ് തക് ചാനൽ പുറത്തുവിട്ട ദൃശ്യങ്ങളിൽ കാണുന്ന വെള്ളയും നീലയും കലർന്ന വസ്ത്രം ധരിച്ച യുവാവ് ബിജെപി പ്രവർത്തകൻ ആണെന്ന് ചിത്രങ്ങൾ സഹിതം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
ഡൽഹി വാർഡ് 30 ലെ ബിജെപി മുൻസിപ്പൽ കൗൺസിലർ അഞ്ചു ദേവിയുടെ ഭർത്താവാണ് സിങ്കു പ്രദേശവാസി എന്ന വ്യാജേന കർഷകർക്ക് നേരെ അക്രമം അഴിച്ചുവിട്ട അമൻ കുമാർ എന്ന യുവാവ്.
ഏതാനും ദിവസങ്ങൾക്കു മുൻപ് മുൻപ് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഒപ്പം ചടങ്ങിൽ പങ്കെടുത്തതിൻ്റെ ചിത്രങ്ങൾ അമൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.
സിങ്കുവിലെ സംഘർഷം സംബന്ധിച്ച് മറ്റൊരു ബിജെപി പ്രവർത്തകനായ കൃഷ്ണ ദബസ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഏതാനും നിമിഷങ്ങൾക്കകം ഈ പോസ്റ്റ് പിൻവലിച്ചു എങ്കിലും ഇതിനോടകം തന്നെ പലരും അതിൻ്റെ സ്ക്രീൻഷോട്ടുകൾ എടുത്തു കഴിഞ്ഞിരുന്നു.
ബിജെപി നേതാക്കളായ
സന്ദീപ് ഷെരാവത്ത്, രവീന്ദർ കുമാർ എന്നിവരെ ടാഗ് ചെയ്തായിരുന്നു ചിത്രങ്ങളും ദൃശ്യങ്ങളും പോസ്റ്റ് ചെയ്തത്. ദൃശ്യങ്ങളിൽ ഇയാൾ സമരക്കാർക്ക് നേരെ പ്രതിഷേധിക്കുന്നത് കാണാം. ദേശീയ മാധ്യമമായ ന്യൂസ് നേഷൻനോട് താൻ പ്രദേശവാസിയാണ് എന്ന തരത്തിൽ ഇയാൾ സംസാരിക്കുന്നതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അമൻ എന്ന വ്യാജ പ്രേക്ഷോഭകൻ്റെ ഭാര്യയും ബിജെപി നേതാവുമായ അഞ്ചു കുമാറിനൊപ്പം ഇയാളും നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്
തങ്ങൾക്കെതിരായ അക്രമങ്ങൾക്ക് പിന്നിൽ ബിജെപിയും ആർഎസ്എസും ആണെന്ന കർഷകരുടെ വാദം ശരിവെക്കുന്നതാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരങ്ങൾ.
സിങ്കുവില്‍ കര്‍ഷക സമരത്തിനിടെയുണ്ടായ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് കര്‍ഷകരടക്കം 44 പേരെയാണ് പുതുതായി അറസ്റ്റ് ചെയ്തത്. കൊലപാതക ശ്രമമുള്‍പ്പെടെ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അലിപൂർ എസ്.എച്ച്.ഒയെ വാളുകൊണ്ട് ആക്രമിച്ച 22കാരൻ അടക്കം അറസ്റ്റിലായി.
ശനിയാഴ്ച ഉച്ചക്കായിരുന്നു സിങ്കുവിലെ സംഘർഷം. പ്രദേശവാസികളാണെന്ന് പറഞ്ഞാണ് ഒരു വിഭാഗം സമരകേന്ദ്രത്തിലേക്ക് എത്തിയത്. പിന്നീട് കർഷകർക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ഏറ്റുമുട്ടുകയുമായിരുന്നു. ഇതോടെ പൊലീസ് ലാത്തിവീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു.