അതിർത്തി ലംഘനം; ബഹറിൻ എതിരെ വീണ്ടും പരാതിയുമായി ഖത്തർ

സമുദ്രാതിർത്തി ലംഘിച്ചതിന് ബഹറിൻ എതിരെ വീണ്ടും പരാതിയുമായി ഖത്തർ. യുഎന്‍ രക്ഷാസമിതിയിലാണ് ഖത്തര്‍ വീണ്ടും പരാതി നല്‍കിയത്. ബഹ്റൈന്‍ നാവിക ബോട്ടുകള്‍ അന്യായമായി തങ്ങളുടെ സമുദ്രാതിര്‍ത്തി ലംഘിച്ചതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിലുണ്ട്. മേഖലയിലെ സമാധാനശ്രമങ്ങള്‍ക്ക് തുരങ്കം വെക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത് എന്ന് യുഎന്നിലെ ഖത്തറിന്‍റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ ബിന്‍ സൈഫ് അല്‍ത്താനി സുരക്ഷാ കൌണ്‍സിലിനെ അറിയിച്ചു. രാജ്യാന്തര സുരക്ഷയ്ക്കും സമാധാനത്തിനും ഭംഗം വരുത്തുന്നതാണ് നടപടിയെന്നും ഖത്തർ ആരോപിക്കുന്നു .

കഴിഞ്ഞ നവംബര്‍ 25 നാണ് പരാതിക്ക് ഇടയാക്കിയ സംഭവം. നേരത്തെ നവംബർ ഒമ്പതിന് നാല് ബഹ്റൈനി യുദ്ധവിമാനങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തിക്കുള്ളിലേക്ക് അതിക്രമിച്ചു കടന്നതായി ഖത്തര്‍ സുരക്ഷാ സമിതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പരാതി. ഡിസംബർ അഞ്ചിന് റിയാദില്‍ വെച്ച് ജിസിസി കൌണ്‍സില്‍ യോഗം നടക്കാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങളെന്നതും ശ്രദ്ധേയമാണ്.