കുവൈറ്റ്: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ കുവൈറ്റിൽ നിയന്ത്രണങ്ങൾ കടുക്കുന്നു. നേരത്തെ തന്നെ രണ്ടാഴ്ചത്തെ പൊതു അവധി പ്രഖ്യാപിക്കുകയും വിമാനസര്‍വീസുകൾ നിർത്തി വയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ നിയന്ത്രണങ്ങൾ.
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഷോപ്പിംഗ് മാളുകൾ, ബാർബർ ഷോപ്പുകൾ, സലൂണുകൾ, പൊതുമാര്‍ക്കറ്റുകൾ എന്നിവ അടച്ചിടണമെന്നാണ് പുതിയ നിർദേശം. കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. കുട്ടികളുടെ വിനോദസഞ്ചാര കേന്ദ്രങ്ങളും പ്രവർത്തിക്കില്ല.
അതേസമയം സപ്ലൈകോ, കോഓപ്പറേറ്റീവ് സൂപ്പർ മാർക്കറ്റുകൾ എന്നിവ തുറന്നു പ്രവർത്തിക്കുമെന്ന് സർക്കാർ വക്താവ് താരിഖ് അൽ മസ്റാം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. റസ്റ്റോറന്റുകൾക്കും കോഫീ ഷോപ്പുകള്‍ക്കും കര്‍ശന നിയന്ത്രണമുണ്ട്. ഒരേ സമയം അഞ്ചിൽ കൂടുതൾ ആളുകളെ സ്വീകരിക്കരുതെന്നാണ് നിർദേശം. ഇതിന് പുറമെ വ്യക്തികൾ തമ്മിൽ കുറഞ്ഞത് ഒരു മീറ്റർ അകലം പാലിക്കാൻ ശ്രദ്ധിക്കണമെന്നും അറിയിച്ചിട്ടുണ്ട്.





























