കോവിഡ് 19: കുവൈറ്റിൽ ആകെ വൈറസ് ബാധിതര്‍ 112; 9 പേർ രോഗമുക്തരായി

0
20

കുവൈറ്റ്: ഇന്ന് എട്ട് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ കുവൈറ്റിൽ ആകെ രോഗബാധിതരുടെ എണ്ണം 112 ആയി. പുതിയതായി രോഗം സ്ഥിരീകരിച്ച എട്ട് പേരിൽ ആറ് പേർ യുകെയിൽ നിന്ന് മടങ്ങിയെത്തിയ സ്വദേശികളാണ്. ബാക്കി രണ്ട് പേരിൽ ഒരാൾ ഫ്രാന്‍സിൽ നിന്ന് യുഎഇ വഴി എത്തിയ ആളും മറ്റൊരാൾ ഇറാനിൽ നിന്നെത്തിയ സ്വദേശിയുമാണ്. ഇയാൾ ഖയ്റാൻ റിസോർട്ടിൽ ക്വാറന്റൈൻ ചെയ്യപ്പെട്ട ആളാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ് ഡോ.അബ്ദുള്ള അൽ സനദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വൈറസ് ബാധിതരിൽ രണ്ട് പേർ പൂർണ്ണമായും രോഗമുക്തരായെന്ന വിവരവും ആരോഗ്യവകുപ്പ് വക്താവ് അറിയിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം ഒൻപതായി. അതുപോലെ തന്നെ ആരോഗ്യ സ്ഥിതി വഷളായി ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ട എട്ട് പേരിൽ നാലുപേരെ വാർഡിലേക്ക് മാറ്റിയിട്ടുണ്ടെന്ന കാര്യവും അദ്ദേഹം അറിയിച്ചു.

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കുവൈറ്റ് നടത്തുന്നത്. രാജ്യത്ത് രണ്ടാഴ്ചത്തെ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിമാന സർവീസുകൾ നിർത്തിവച്ചു. അതുപോലെ ഷോപ്പിംഗ് മാളുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളും അടയ്ക്കാനും നിർദേശം നൽകിയിട്ടുണ്ട്.