തുർക്കി-കുവൈത്ത് ബന്ധം ശക്തിപ്പെടുന്നു; വ്യാപാരം 5 ബില്യൺ ഡോളറായി ഉയർത്താൻ ലക്ഷ്യം

0
6

കുവൈത്ത് സിറ്റി: തുർക്കിയും കുവൈത്തും തമ്മിലുള്ള ബന്ധം വ്യാപാരം, പ്രതിരോധം ഉൾപ്പെടെ വിവിധ മേഖലകളിൽ ശക്തിപ്പെടുകയാണെന്നും വരുംഘട്ടത്തിൽ വ്യാപാരം 5 ബില്യൺ ഡോളറായി ഉയർത്തുകയാണ് ലക്ഷ്യമെന്നും തുർക്കി അംബാസഡർ ടുബ നൂർ സോൻമെസ് വ്യക്തമാക്കി. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗാന്റെ കഴിഞ്ഞ ഒക്ടോബറിലെ കുവൈത്ത് സന്ദർശനം ഇരുരാജ്യ ബന്ധം കൂടുതൽ തന്ത്രപ്രധാന തലത്തിലേക്ക് ഉയർത്തിയതായി അവർ പറഞ്ഞു.

കുവൈത്തിന്റെ വിദേശകാര്യ മന്ത്രി ഷെയ്ഖ് ജറാഹ് അൽ-ജാബർ അൽ-സബാഹിന്റെ അങ്കാറ സന്ദർശനം ബന്ധം കൂടുതൽ വികസിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2025ൽ ഇരുരാജ്യങ്ങളുടെയും വ്യാപാരം 52 ശതമാനം വർധിച്ച് 1.08 ബില്യൺ ഡോളറായി ഉയർന്നതായി അവർ അറിയിച്ചു. പ്രതിരോധം, ഊർജം, നിക്ഷേപം, ലോജിസ്റ്റിക്കൽ കണക്റ്റിവിറ്റി എന്നീ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ ഇരുരാജ്യങ്ങളും ചർച്ചകൾ തുടരുന്നു.

മിഡിൽ ഈസ്റ്റിലെ നിലവിലെ സാഹചര്യങ്ങൾ, പാലസ്തീൻ പ്രശ്നം, ഹോർമുസ് കടലിടുക്ക് സുരക്ഷ തുടങ്ങിയ വിഷയങ്ങളിലും ഇരുവിഭാഗങ്ങളും ആശയവിനിമയം നടത്തി. കൂടാതെ സൈനിക പരിശീലനവും പ്രതിരോധ സഹകരണവും കൂടുതൽ വികസിപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഉന്നതതല സന്ദർശനങ്ങളും സഹകരണവും തുടരുമെന്നും അംബാസഡർ വ്യക്തമാക്കി.