ഇന്ത്യൻ പാസ്‌പോർട്ട് അനുബന്ധ സേവനങ്ങളുടെ പുതുക്കിയ ഫീസ് ഇന്ന് മുതൽ പ്രാബല്യത്തിൽ

0
13

കുവൈത്ത് സിറ്റി : ഇന്ത്യൻ പാസ്‌പോർട്ടിനും പാസ്‌പോർട്ടുമായി ബന്ധപ്പെട്ട വിവിധ കോൺസുലർ സേവനങ്ങൾക്കും ഈടാക്കുന്ന ഫീസ് ഇന്ന് മുതൽ പുതുക്കി നിശ്ചയിച്ചതായി ഇന്ത്യൻ സർക്കാർ അറിയിച്ചു. 2026 ജൂൺ 25ന് പുറത്തിറക്കിയ GSR 516(E) ഗസറ്റ് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഫീസ് പ്രാബല്യത്തിൽ വന്നത്. പുതുക്കിയ ഫീസ് പട്ടികയും ഗസറ്റ് വിജ്ഞാപനവും ബന്ധപ്പെട്ട ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. പാസ്‌പോർട്ട്, പാസ്‌പോർട്ട് അനുബന്ധ സേവനങ്ങൾക്കായി അപേക്ഷിക്കുന്നവർ അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് പുതുക്കിയ ഫീസ് പട്ടിക പരിശോധിക്കണമെന്ന് എംബസി നിർദേശിച്ചു.

സാധാരണ പാസ്‌പോർട്ട്, ജംബോ പാസ്‌പോർട്ട്, കേടുപാടുകൾ സംഭവിച്ച പാസ്‌പോർട്ടിന്റെ പുനഃസ്ഥാപനം, പാസ്‌പോർട്ട് റീ-ഇഷ്യൂ എന്നിവയ്ക്കൊപ്പം എമർജൻസി സർട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC), സർണ്ടർ സർട്ടിഫിക്കറ്റ് തുടങ്ങിയ സേവനങ്ങൾക്കും പുതുക്കിയ നിരക്കുകൾ ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്കും സംശയനിവാരണത്തിനുമായി ഇന്ത്യൻ എംബസിയുടെ കോൺസുലർ ആൻഡ് പാസ്‌പോർട്ട് വിഭാഗത്തെ cons1.kuwait@mea.gov.in എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.