തിരുവനന്തപുരം:സംസ്ഥാനത്തെ സ്‌കൂൾ കോമ്പൗണ്ടുകളിൽ അപകടാവസ്ഥയിലായി നിൽക്കുന്ന എല്ലാ കെട്ടിടഭാഗങ്ങളും സ്‌കൂൾ തുറക്കുന്നതിന് മുൻപ് പൊളിച്ചുമാറ്റുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. പുതിയ കെട്ടിടങ്ങൾ നിർമിച്ച സ്‌കൂളുകളിൽ പോലും പഴയതും സാങ്കേതിക തടസ്സങ്ങളാൽ പൊളിക്കാൻ കഴിയാതെയും അപകടം ഒളിഞ്ഞിരിക്കുന്നതുമായ കെട്ടിടങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. പഴയ കെട്ടിടങ്ങൾ അടുത്തുള്ളതിനാൽ പുതിയ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ വരുന്ന സാഹചര്യവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ദുരന്ത നിവാരണ നിയമപ്രകാരം ജില്ലാ കളക്ടർമാർ ആവശ്യമായ നിർദേശങ്ങൾ നൽകുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അപകടകരമായ കെട്ടിടങ്ങൾ പൊളിക്കുകയും ചെയ്യും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷിന്റെയും പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രിയുടെയും നേതൃത്വത്തിൽ നടന്ന ഉന്നത തല യോഗത്തിലാണ് ഈ തീരുമാനങ്ങൾ എടുത്തത്.സ്‌കൂൾ പരിസരത്തെ അപകടം ഉണ്ടാക്കുന്ന മരങ്ങളും കെട്ടിടങ്ങളുടെ മുകളിൽ വളർന്നുനിൽക്കുന്ന വൃക്ഷശാഖകളും മുറിച്ചുമാറ്റും.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പൂർണ്ണമായും സുരക്ഷിതമായ പഠനാവകാശം ഉറപ്പാക്കണമെന്ന് നിർദ്ദേശിച്ചു.
സുരക്ഷാ ഭീഷണിയില്ലാത്തതും അപകടസാധ്യതയില്ലാത്തതുമായ സ്‌കൂളുകൾക്ക് പ്രൊവിഷണൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി അധ്യയനം തുടരാൻ അനുവാദമുണ്ടാകും. ചുമരുകളുടെ പ്ലാസ്റ്ററിംഗ്, ഫ്‌ലോറിംഗിലെ ചെറിയ പ്രശ്‌നങ്ങള്‍, ക്ലാസ് മുറിയുടെ വലുപ്പത്തിലെ അപാകതകള്‍, ഫാള്‍സ് സീലിംഗ് ഇല്ലാത്തത് തുടങ്ങിയ സാങ്കേതിക കാരണങ്ങളാല്‍ ഫിറ്റ്‌നസ് ലഭിക്കാത്ത സ്‌കൂളുകള്‍ക്കാണ് ഈ തീരുമാനം സഹായകരമാവുക. എന്നാൽ, വിദ്യാർത്ഥികളുടെ ജീവന് ഭീഷണി ഉണ്ടാക്കുന്ന ഘടകങ്ങൾ ഇല്ലാത്തവയായിരിക്കണം. ഒരു വർഷത്തിനുള്ളിൽ ഫിറ്റ്നസ് പ്രശ്നങ്ങൾ പരിഹരിക്കുമെന്ന ഉറപ്പോടെ കഴിഞ്ഞ അധ്യയന വർഷത്തിൽ 140 സ്‌കൂളുകൾക്ക് ഈ അനുവാദം നൽകിയിരുന്നു.