കൊല്ലം: കൊല്ലം തേവലക്കരയിലെ സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി നടപടി എടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഒരു പാവം പ്രിൻസിപ്പാളിനെ സസ്‌പെൻഡ് ചെയ്യുകയല്ല വേണ്ടതെന്നും കോട്ടയത്തെ ബിന്ദുവിന്റെയും കൊല്ലത്തെ മിഥുന്റെയും മരണത്തിന് സർക്കാരും ഉദ്യോഗസ്ഥരുമാണ് ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു.
മിഥുൻ മരിച്ച സംഭവത്തിൽ സ്കൂൾ പ്രധാന അധ്യാപികയായ എസ് സുജയെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇന്നലെ പുറത്തിറക്കിയിരുന്നു. സ്കൂളിൽ കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിൽ പ്രധാന അധ്യാപിക വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സസ്പെൻഷൻ.
അതേസമയം, മിഥുന്റെ സംസ്കാര ചടങ്ങുകൾ വീട്ടുവളപ്പിൽ പൂർത്തിയായി. സ്കൂളിലെ പൊതുദർശനത്തിന് ശേഷം ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ നിരവധി പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. കഴിഞ്ഞ ദിവസമാണ് സ്കൂളിലെ ഷെഡ്ഡിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ കയറിയ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ചത്.