ആത്മഹത്യയ്ക്ക് ശ്രമിച്ചത് ഓർമയില്ല; വെഞ്ഞാറമൂട് കൂട്ടക്കൊലകേസ് പ്രതി അഫാനെ മാനസിക പരിശോധനയ്ക്ക് ഹാജരാക്കും

0
19

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതിയായ അഫാന്റെ ആരോഗ്യനിലയിൽ പുരോഗതി. ആത്മഹത്യയ്ക്ക് ശ്രമിച്ച ശേഷം ഗുരുതര അവസ്ഥയിൽ ആശുപത്രിയിലെത്തിച്ച അഫാനെ ഇപ്പോൾ വെന്റിലേറ്ററിൽ നിന്ന് ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. ഇപ്പോൾ ഡോക്ടർമാരോടും മറ്റു ആളുകളോടും സംസാരിക്കാൻ കഴിയുന്നുണ്ടെങ്കിലും ആത്മഹത്യയ്ക്ക് ശ്രമിച്ച ദിവസം മാത്രമല്ല, അതിനു മുമ്പുള്ള ചില ദിവസങ്ങളിലെയും സംഭവങ്ങൾ ഓർക്കാനാകുന്നില്ലെന്നാണ് അഫാൻ അറിയിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോൾ അബോധാവസ്ഥയിലായിരുന്നെങ്കിലും തലച്ചോറിനോ മറ്റു പ്രധാന ആന്തരികാവയവങ്ങൾക്കോ വലിയ പരിക്കുകൾ ഉണ്ടായിട്ടില്ലെന്നാണ് ഡോക്ടർമാർ വ്യക്തമാക്കിയിരിക്കുന്നത്. ആത്മഹത്യയ്ക്കു ശ്രമിച്ച സമയത്ത് അടുത്ത് ഉണ്ടായിരുന്ന സഹതടവുകാരൻ പ്രാഥമിക ശുശ്രൂഷ നൽകിയതിലൂടെ അഫാന്റെ ഓക്സിജൻ നില ഗുരുതരമായി കുറയുന്നത് ഒഴിവായി. അഫാൻ തികഞ്ഞ ആരോഗ്യസ്ഥിതിയിലാകുമ്പോൾ കൂടുതൽ മാനസിക പരിശോധനകൾ ആവശ്യമായിരിക്കുമെന്നും ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.