സൈനികരെ അപകീർത്തിപ്പെടുത്തിയ കേസ്; രാഹുല്‍ ഗാന്ധിയ്ക്ക് അലഹബാദ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

0
79

അലഹബാദ്:ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അലഹബാദ് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. സൈന്യത്തിനെതിരെയുള്ള പ്രസ്താവനകൾ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധി മറികടക്കുന്നുവെന്ന് കോടതി പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമല്ല എന്നും ബെഞ്ച് ഊന്നിപ്പറഞ്ഞു.

ഭാരത് ജോഡോ യാത്രയ്‌ക്കിടെ ഇന്ത്യൻ സൈനികർക്കെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിലാണ് രാഹുൽ ഗാന്ധിയ്ക്ക് ബുധനാഴ്ച അലഹബാദ് ഹൈക്കോടതിയുടെ വിമർശനം നേരിട്ടത്. ലഖ്‌നൗ കോടതി പുറപ്പെടുവിച്ച സമന്‍സിനെതിരെ രാഹുല്‍ ഫയല്‍ ചെയ്ത ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ വിമർശനം.ജസ്റ്റിസ് സുഭാഷ് വിദ്യാര്‍ഥിയുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ലഖ്‌നൗവിലെ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമുള്ള പ്രത്യേക കോടതി സമന്‍സ് അയച്ചത്.
“ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(a) അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും ഉറപ്പുനൽകുന്നു, എന്നാൽ ഈ സ്വാതന്ത്ര്യം ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയമാണ്, കൂടാതെ ഇന്ത്യൻ സൈന്യത്തെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനകൾ നടത്താനുള്ള സ്വാതന്ത്ര്യം ഇതിൽ ഉൾപ്പെടുന്നില്ല.”- കോടതി നിരീക്ഷിച്ചു.