കണ്ണൂർ:പിണറായി കായലോട് പറമ്പായിയിൽ നടന്ന ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. 40 വയസ്സുകാരിയായ റസീനയെ ചൊവ്വാഴ്ച വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് എസ്ഡിപിഐ പ്രവർത്തകരെ പിണറായി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. റസീനയുടെ ആത്മഹത്യ കുറിപ്പിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പറമ്പായി സ്വദേശികളായ എം.സി. മൻസിലിലെ വി.സി. മുബഷീർ (28), കണിയാന്റെ വളപ്പിലെ കെ.എ. ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിലെ വി.കെ. റഫ്നാസ് (24) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം തലശ്ശേരി സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.
കായലോട് അച്ചങ്കര പള്ളിക്ക് സമീപം ഞായറാഴ്ച വൈകിട്ട് റസീന ഒരു സുഹൃത്തുമായി കാറിനരികിൽ സംസാരിച്ചുനിൽക്കെ, ഒരു സംഘം അവരോട് ചോദ്യം ചെയ്തു. യുവതിയെ വീട്ടിലേക്ക് അയച്ചശേഷം, മയ്യിൽ സ്വദേശിയായ ആ സുഹൃത്തിനെ തല്ലിക്കൊണ്ട് സമീപത്തുള്ള ഒരു മൈതാനത്തിലെത്തിച്ചു. അഞ്ച് മണിക്കൂറോളം യുവാവിനെ കൂട്ടവിചാരണ ചെയ്ത ശേഷം, അവരുടെ മൊബൈൽ ഫോൺ, ടാബ് എന്നിവ പിടിച്ചെടുത്ത് രാത്രി 8:30ന് പറമ്പായി എസ്ഡിപിഐ ഓഫീസിലെത്തിച്ചു. ഇരുവരുടെയും ബന്ധുക്കളെ ഓഫീസിലേക്ക് വിളിച്ചുവരുത്തി പ്രശ്നം പരിഹരിച്ച് രാത്രി വൈകിയപ്പോൾ യുവാവിനെ വിട്ടയച്ചു.
































