ഇന്ത്യയുടെ യശസിനേറ്റ കളങ്കം:ഡൽഹി കലാപത്തിനെതിരെ രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഡൽഹി കലാപങ്ങളെ രൂക്ഷഭാഷയിൽ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ യശസിനേറ്റേ കളങ്കമാണ് കലാപങ്ങളെന്നാണ് അദ്ദേഹം പറഞ്ഞത്. വടക്കു കിഴക്കൻ ഡൽഹിയിലെ കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷമായിരുന്നു പ്രതികരണം.

ഇന്ത്യയുടെ ഭാവിയാണ് ഈ വിദ്യാലയം.. വിദ്വേഷവും അക്രമവും അതിനെ തകർത്തിരിക്കുകയാണ്. ഈ അക്രമം കൊണ്ട് ഭാരതമാതാവിന് ഒരു ഗുണവുമില്ല.. എല്ലാവരും ഒരുമിച്ച് പ്രവർത്തിച്ച് രാജ്യത്തെ മുന്നോട്ട് കൊണ്ടു പോകണം..’ കലാപത്തിൽ തകർന്ന ഒരു സ്കൂൾ സന്ദർശിച്ച ശേഷം രാഹുൽ വ്യക്തമാക്കി.

വടക്കുകിഴക്കൻ ഡൽഹിയി കേന്ദ്രീകരിച്ച് നടന്ന കലാപങ്ങളിൽ 48 പേർക്കാണ് ജീവൻ നഷ്ടമായത്. ഇരുന്നൂറോളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആഗോള തലത്തിൽ തന്നെ ചർച്ചാവിഷയമായ കലാപങ്ങൾക്ക് ശേഷം ഇതാദ്യമായാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രദേശം സന്ദർശിക്കുന്നത്. രാജ്യ തലസ്ഥാനത്തെ കത്തിയെരിച്ച് അക്രമ പരമ്പരകൾ അരങ്ങേറിയപ്പോൾ രാജ്യത്തില്ലാതിരുന്ന രാഹുലിനെതിരെ നേരത്തെ വിമർശനങ്ങളും ഉയര്‍ന്നിരുന്നു.