കേരളം വിധിയെഴുതി തുടങ്ങി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ അഞ്ച്‌ ജില്ലകളിൽ വോട്ടെടുപ്പ്‌ തുടങ്ങി.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ്‌ ഇന്ന്‌ പോളിങ്. കോവിഡ്‌ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ്‌ വോട്ടെടുപ്പ്‌. 88,26,620 വോട്ടർമാരാണ്‌ ഇന്ന്‌ പോളിങ് ബൂത്തുകളിൽ എത്തുക.
കോവിഡ്‌ സാഹചര്യത്തെ തുടർന്ന്‌ ബൂത്തുകളിലെ മുന്നൊരുക്കം തിങ്കളാഴ്ച പൂർത്തിയാക്കിയിരുന്നു. ബൂത്തുകൾ അണുവിമുക്തമാക്കുകയും ഉദ്യോഗസ്ഥർക്കുള്ള സുരക്ഷാ ഉപകരണങ്ങൾ കൈമാറുകയും ചെയ്‌തിട്ടുണ്ട്. 9.1 ലക്ഷം എൻ 95 മാസ്‌ക്‌, ആറ് ലക്ഷം കൈയുറ, 2.22 ലക്ഷം ഫെയ്‌സ് ഷീൽഡ്‌, പുനരുപയോഗിക്കാൻ കഴിയുന്ന 3000 ഫെയ്‌സ് ഷീൽഡ്‌ എന്നിവയാണ്‌ ഉദ്യോഗസ്ഥർക്ക്‌‌ കൈമാറിയത്‌. വോട്ടർമാർക്കായി 2.8 ലക്ഷം ലിറ്റർ സാനിറ്റൈസറാണ്‌ സജ്ജീകരിച്ചിട്ടുള്ളത്‌
വോട്ട്‌ ചെയ്യുന്നതിന്‌ മുമ്പും ശേഷവും കൈകൾ അണുവിമുക്തമാക്കണം. രാവിലെ ഏഴുമുതൽ വൈകിട്ട്‌ ആറുവരെയാണ്‌ വോട്ടെടുപ്പ്‌. തിങ്കളാഴ്ച വൈകിട്ടോടെ കോവിഡ്‌ സ്ഥിരീകരിച്ചവർക്കും ക്വാറന്റൈനിൽ ഉള്ളവർക്കും തപാൽ വോട്ടു ചെയ്യാം‌. അല്ലാത്തവർക്ക്‌ അവസാന മണിക്കൂറിൽ നേരിട്ടെത്തി വോട്ട്‌ ചെയ്യാം. ഈ സമയം പോളിങ്‌ ഉദ്യോഗസ്ഥർ പിപിഇ കിറ്റ്‌ ധരിക്കും. വോട്ടുചെയ്യാൻ പോകുന്നവർ സാനിറ്റൈസറും പേനയും കൈയിൽ കരുതണം.