കോവിഡ് 19 ബാധിതരുടെ എണ്ണം കൂടുന്നു: കർഫ്യു പ്രഖ്യാപിച്ച് സൗദി

റിയാദ്: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണത്തിൽ വൻ വർധനവുണ്ടാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കി സൗദി. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് ഭാഗിക കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. വൈകുന്നേരം എഴ് മണി മുതൽ പിറ്റേന്ന് പുലർച്ചെ ആറ് മണി വരെയാണ് കർഫ്യു. 21 ദിവസത്തേക്കാണ് നിലവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്,

സ്വയം സുരക്ഷ കണക്കിലെടുത്ത് സ്വദേശികളും വിദേശികളും അടക്കം എല്ലാവരും ഈ സമയങ്ങളിൽ വീടുകളിൽ ഇരിക്കണമെന്നാണ് സൽമാൻ രാജാവ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. സൗദിയില്‍ ഇതുവരെ 562 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് ഒറ്റ ദിവസം മാത്രം 51 പേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഗള്‍ഫ് രാജ്യങ്ങളിൽ  ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നതും സൗദിയിലാണ്.