ഡൽഹിയിൽ ക്യാംപസിനുള്ളിൽ അതിക്രമിച്ചു കയറി വിദ്യാർഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം

0
5

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കോളജ് ക്യാംപസിനുള്ളിൽ അതിക്രമിച്ചി കയറിയ ഒരു സംഘം വിദ്യാർഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതായി പരാതി. ഡൽഹി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ഗാർഗി കോളജ് വിദ്യാർഥികളാണ് സോഷ്യൽ മീഡിയ വഴി ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

കോളജിലെ വാർഷികാഘോഷ ചടങ്ങുകൾക്കിടെ ക്യാംപസിനുള്ളിൽ കയറിയ സംഘം പെൺകുട്ടികളെ കടന്നു പിടിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് വിദ്യാര്‍ഥികൾ പറയുന്നത്. ശുചിമുറിയിൽ പൂട്ടിയിടുകയും ക്യാംപസ് വിട്ടിറങ്ങിയവരെ പുറകെ പോയ് ശല്യം ചെയ്തുവെന്നും ആരോപണമുണ്ട്. ഇവര്‍ സിഎഎ അനുകൂലിക്കുന്ന ആളുകളാണെന്നും മദ്യപിച്ചെത്തിയ സംഘം ജയ്ശ്രീറാം എന്ന് വിളിക്കുന്നുണ്ടായിരുന്നുവെന്നും വിദ്യാർഥികൾ പറയുന്നു.

തങ്ങൾക്ക് നേരിടേണ്ടി വന്ന ഭീതിജനകമായ അനുഭവം വിദ്യാർഥികൾ തന്നെ സമൂഹമാധ്യമങ്ങൾ വഴി അറിയിച്ചതോടെയാണ് പുറംലോകം അറിയുന്നത്. ഭീതി മൂലം പലരും നടന്നത് പുറത്തുപറയാൻ മടിക്കുന്നതായും ഇവർ പറയുന്നു. സംഭവത്തിൽ കോളജ് അധികൃതർ ഇതുവരെ പരാതിയൊന്നും നൽകിയിട്ടില്ല. സുരക്ഷ സംബന്ധിച്ച് ആശങ്കയുള്ളവർ ഇത്തരം പരിപാടിയിൽ പങ്കെടുക്കരുതായിരുന്നുവെന്നാണ് പ്രിന്‍സിപ്പൾ പ്രതികരിച്ചതെന്നാണ് വിദ്യാർഥികൾ ആരോപിക്കുന്നത്.

എന്നാൽ വാർഷികാഘോഷത്തിൽ ഡൽഹി യൂണിവേഴ്സിറ്റിയിലെ ആൺകുട്ടികൾക്കും പ്രവേശനം ഉണ്ടായിരുന്നുവെന്നാണ് പ്രിൻസിപ്പളിന്റെ വാദം. സുരക്ഷക്കായി പൊലീസും കമാൻഡോകളും ഉണ്ടായിരുന്നു. ക്യാംപസിലെ ഒരുഭാഗം പൂർണമായും പെൺകുട്ടികൾക്ക് മാത്രമായുള്ളതായിരുന്നു. അതിന് പുറത്തു കടന്നതാകാം പ്രശ്നങ്ങളുണ്ടാക്കിയതെന്നാണ് പ്രിൻസിപ്പളിന്റെ വാദം.

സംഭവത്തിൽ കർശന നടപടിയുണ്ടായില്ലെങ്കിൽ പ്രതിഷേധം അടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് വിദ്യാർഥികൾ അറിയിച്ചിരിക്കുന്നത്.