നാട്ടിലേക്ക് പാർസൽ അയക്കാൻ ഇനി ചെലവേറും: ഡ്യൂട്ടി ഫ്രീ നോട്ടിഫിക്കേഷന്‍ എടുത്ത് കളഞ്ഞ് ഇന്ത്യ

കുവൈറ്റ്: ഗള്‍ഫിൽ നിന്ന് നാട്ടിലേക്ക് നികുതിയില്ലാതെ പാര്‍സൽ അയക്കാൻ കഴിയുന്ന ഡ്യൂട്ടി ഫ്രീ നോട്ടിഫിക്കേഷൻ പൂർണ്ണമായും എടുത്തു കളഞ്ഞ് ഇന്ത്യ. ജിഎസ്ടി ഉൾപ്പെടെ 42% അധിക നികുതി നല്‍കിയാൽ മാത്രമെ സാധനങ്ങൾ നാട്ടിലേക്ക് അയക്കാൻ കഴിയു. വിദേശവ്യാപാര നയം ഭേദഗതി വരുത്തിയതോടെയാണ് നാട്ടിലേക്കുള്ള പാര്‍സൽ അയപ്പ് ചെലവേറിയതായിരിക്കുന്നത്.

നിലവിൽ 5000 രൂപ വരെയുള്ള സാധനങ്ങൾ നാട്ടിലേക്ക് അയക്കുന്നതിന് നികുതിയില്ലായിരുന്നു. ഈ സൗകര്യമാണ് ഇപ്പോൾ ഇല്ലാതാക്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവും കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ജീവൻ രക്ഷാമരുന്നുകൾക്ക് ഭേദഗതിയിൽ ഇളവ് നൽകിയിട്ടുണ്ട്. ചില ഇ-കൊമേഴ്സ് കമ്പനികൾ നികുതി വെട്ടിച്ച് ചൈനീസ് ഉത്പ്പന്നങ്ങൾ ഇറക്കുമതി ചെയ്ത സാഹചര്യത്തിലാണ് വിദേശവ്യാപാര നയം ഭേദഗതി വരുത്തിയതെന്നാണ് റിപ്പോർട്ടുകൾ.