പ്രവാസി ക്ഷേമ പദ്ധതികൾ വിപുലപ്പെടുത്താൻ കേന്ദ്ര സർക്കാർ  ധന സഹായംനൽകണമെന്ന് കെ വി  അബ്ദുൾ ഖാദർ .

കേരള സർക്കാരിന് കീഴിലുള്ള പ്രവാസി ക്ഷേമ പദ്ധതികൾ വിപുലപ്പെടുത്താൻ കേന്ദ്ര സർക്കാർ  ധന സഹായംനൽകണമെന്ന് കേരള പ്രവാസി ക്ഷേമ ബോർഡ് ചെയർമാനും മുൻ എംഎൽഎ യുമായ കെ വി  അബ്ദുൾ ഖാദർ .

രാജ്യത്തിന്റെ സാമ്പത്തിക മേഖലക്ക് വമ്പിച്ച സംഭാവനകൾ അർപ്പിക്കുന്ന പ്രവാസികളെ വേണ്ടരീതിയിൽ കേന്ദസർക്കാർ പരിഗണിക്കുന്നെല്ലെന്നും ദോഹയിൽ സംസ്‌കൃതി സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും പ്രവാസികൾക്കായി ക്ഷേമ ബോർഡുകൾ ഇല്ല . മലയാളികളായ പ്രവാസികളിൽ എട്ടര ലക്ഷത്തോളം പ്രവാസികൾ മാത്രമാണ് ഇപ്പോൾ ക്ഷേമനിധിയിൽ അംഗങ്ങളായുള്ളത് . നാല്പത്തിനായിരത്തോളം ആളുകൾക്ക്  ഇപ്പോൾ പെൻഷൻ നല്കിവരുന്നതായും  പെൻഷൻ 3000 മുതൽ 3500 രൂപ വരെ ആയി ഉയർത്തിയതായും ചെയർമാൻ പറഞ്ഞു .

പ്രവാസി ക്ഷേമ നിധി ബോർഡിലെ തട്ടിപ്പിനെ കുറിച്ച് വന്നവാർത്ത ഒറ്റപ്പെട്ട സംഭവമാണ് . പ്രവാസികൾക്ക് അതിൽ ആശങ്ക വേണ്ടതില്ല . അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിച്ചിട്ടുണ്ട് . അതൊരു വ്യക്തിമാത്രം നടത്തിയ തട്ടിപ്പാണെന്നും ബോർഡിന്റെ ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ കർശന നടപടി സ്വീകരിച്ചതായും  അദ്ദേഹം പറഞ്ഞു .

പെൻഷൻ , ചികിത്സ , മക്കളുടെ വിദ്യാഭ്യസ വായ്‌പ തുടങ്ങിയ കാര്യങ്ങളാണ്  ഇപ്പോൾ ബോർഡിന്  കീഴിൽ നടക്കുന്നത് . പ്രവാസികൾക്കുള്ള ആനുകൂല്യങ്ങൾ  വർധിപ്പിക്കുന്ന കാര്യം ചർച്ച ചെയ്തു  തീരുമാനിക്കും . സർക്കാർ അനുവദിക്കുന്ന ബജറ്റ് വിഹിതം മാത്രമാണ് ഇപ്പോൾ ബോർഡിനുള്ളത് . സ്വന്തമായി  വരുമാനം  കണ്ടെത്താൻ പ്രവാസി ലോട്ടറി പോലുള്ള പദ്ധതികൾ സർക്കാരിന്  മുന്നിൽ വെച്ചിട്ടുണ്ട് ഇത്തരം വരുമാനം ലഭിക്കുന്നതിലൂടെ കൂടുതൽ ക്ഷേമ പ്രവർത്തനങ്ങൾ നടത്താൻ കഴിയും .

മലയാളി പ്രവാസികളുടെ കൃത്യമായ കണക്ക് സർക്കാരിന് മുന്നിൽ ഇല്ല . പത്തു വർഷം മുൻപ് കേരള സർക്കാർ ആശാവർക്കർമാരെ ഉപയോഗിച്ചു  കണക്കെടുപ്പ് നടത്തിയതായും അബ്ദുൽഖാദർ  പറഞ്ഞു. പ്രവാസി സംഘടനകളെ ഉപയോഗപ്പെടുത്തി  പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ച് പ്രവാസ ലോകത്തു  വിപുലമായ പ്രചാരണം നടത്തുമെന്നും  പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ പറഞ്ഞു .

പ്രവാസി പെൻഷൻ വാങ്ങുന്നവർ എല്ലാവർഷവും സമർപ്പിക്കേണ്ട ലൈഫ് സർട്ടിഫിക്കറ്റ് അറ്റെസ്റ് ചെയ്യാനുള്ള അധികാരം പ്രവാസി ക്ഷേമ ബോർഡ് ഡയറക്റ്റര്മാര്ക്കും  നൽകുമെന്ന്  അബ്ദുൾ ഖാദർ പറഞ്ഞു .  പെൻഷൻ വാങ്ങുന്നവർ എല്ലാവർഷവും മാർച്ച് മാസത്തിൽ സമർപ്പിക്കേണ്ട ആൾ ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കുന്ന രേഖയാണ് ലൈഫ് സർട്ടിഫിക്കറ്റ് . നിലവിൽ ഇത് നാട്ടിൽ ഗസറ്റഡ് ഓഫീസിർമാരാണ്  അറ്റെസ്റ് ചെയ്യുന്നത് . പ്രവാസികൾ എംബസികൾ വഴി ചെയ്യുമ്പോൾ ഫീസ് ഉൾപ്പെടെ നൽകേണ്ടി വരുന്നുണ്ട് . ഈ വിഷയം മാധ്യമപ്രവർത്തകർ  ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ്  ചെയർമാൻ  ഇങ്ങനെ പ്രതികരിച്ചത് . ഇത് സംബന്ധമായി കൃത്യമായ ഉത്തരവ് ഉടൻ ഇറക്കുമെന്നും അദ്ദേഹം പറഞ്ഞു .

സംസ്കൃതി ഓഫിസിൽ നടന്ന വാർത്താസമ്മേളനത്തിൽ   പ്രവാസിക്ഷേമബോർഡ് അംഗം    ഇ എം  സുധീർ , സംസ്‌കൃതി  ജനറൽ സെക്രട്ടറി  എ . കെ  ജലീൽ  മുൻപ്രസിഡന്റ്  സുനിൽ കുമാർ എന്നിവരും പങ്കെടുത്തു.