വെല്ലുവിളി നിറഞ്ഞ സാഹചര്യം; പ്രിയപ്പെട്ടവരുമായി അടുപ്പം കൂട്ടാൻ സൗജന്യ സേവനങ്ങളുമായി ഇത്തിസലാത്ത്

ദുബായ്: കോവിഡ് 19ന്റെ ഭീതിയിൽ വെല്ലുവിളികൾ നിറഞ്ഞ ഘട്ടത്തിലൂടെ രാജ്യം കടന്നു പോകുമ്പോൾ സൗജന്യ സേവനങ്ങൾ വാഗ്ദാനം ചെയ്ത് യുഎഇയിലെ പ്രമുഖ മൊബൈൽ കമ്പനിയായ ഇത്തിസലാത്ത്. രണ്ട് മാസത്തേക്ക് വോയിസ്- ഇന്റർനെറ്റ് കോളുകൾ സൗജന്യമാക്കിയിരിക്കുകയാണ് കമ്പനി.

വെല്ലുവിളികൾ നിറഞ്ഞ ഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ പ്രിയപ്പെട്ടവരുമായി അടുപ്പം ഉറപ്പാക്കാനാണ് ഈ ആനുകൂല്യമെന്നാണ് ഉപഭോക്താക്കൾക്ക് അയച്ച മെസേജിൽ കമ്പനി പറയുന്നത്. രണ്ടുമാസത്തേക്കാണ് സൗജന്യ ഓഫർ.കമ്പനി സപ്പോര്‍ട്ട് ചെയ്യുന്ന ആപുകളിലൂടെ ഫ്രീ വോയിസ്, വീഡിയോ കോളുകള്‍ ലഭ്യമാവും. സബ്സ്ക്രൈബ് ചെയ്യാനായി ICP എന്ന് ടൈപ്പ് ചെയ്ത് 1012 ലേക്ക് എസ്.എം.എസ് അയക്കണം.

നേരത്തെ തന്നെ ഇന്റര്‍നെറ്റ് കോളിങ് പാക്കേജുകള്‍ ഉപയോഗിക്കുന്നവര്‍ ആദ്യം അത് അണ്‍സബ്സ്ക്രൈബ് ചെയ്ത ശേഷം വീണ്ടും സബ്സ്ക്രൈബ് ചെയ്യണം. വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് ആപ്ലിക്കേഷനുകളായ BOTIM, HiU, Voico UAE, C’Me എന്നിവ വഴി സൗജന്യ വോയിസ്, വീഡിയോ കോളുകള്‍ ഉപയോഗിക്കാം.