കുവൈത്ത് സിറ്റി : രാജ്യത്ത് അനധികൃത താമസക്കാർക്ക് താമസം നിയമപരമാക്കാനും പിഴകൂടാതെ രാജ്യം വിടാനും സാധിക്കുന്ന തരത്തിലുള്ള പൊതുമാപ്പ് കാലാവധി ജൂൺ 17 ന് അവസാനിക്കും. കാലാവധി കഴിഞ്ഞാൽ പിന്നീട് ഒരു നിയമലംഘകനെയും വെറുതെ വിടില്ലെന്നും ആഭ്യന്തര മന്ത്രാലയ മുന്നറിയിപ്പ്. ജൂൺ 17 ന് തിങ്കളാഴ്ചക്ക് ശേഷം സമയ പരിധി നീട്ടിനൽകില്ലെന്നും അവശേഷിക്കുന്ന പത്ത് നാളുകൾ സുവർണ്ണാവസരമായി കണ്ടു അത് പ്രയോജനപ്പെടുത്താൻ ഇക്കാമ ലംഘകർ മുന്നോട്ടുവരണമെന്നും അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് അസിസ്റ്റൻ്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ മസീദ് അൽ മുതൈരി ആവശ്യപ്പെട്ടു. പൊതുമാപ്പ് പ്രഖ്യാപിച്ചതിന്റെ തുടക്കത്തിൽ പ്രതിദിനം ശരാശരി 1000 പേരാണ് തങ്ങളുടെ സ്റ്റാറ്റസ് ഭേദഗതി ചെയ്യാനായി ബന്ധപ്പെട്ട കാര്യാലയങ്ങളിൽ എത്തികൊണ്ടിരുന്നത് .സമയ പരിധി അവസാനിക്കുന്നതോടെ രാജ്യ വ്യാപകമായി വൻ സുരക്ഷാ പരിശോധനക്കാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത് . ശേഷം നടക്കുന്ന റെയ്‌ഡിൽ പിടിയിലാകുന്ന നിയമലംഘകനെ നാടുകടത്തുകയും കുവൈത്തിലേക്കുള്ള ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുകയും ചെയ്യും.പുതിയ സുരക്ഷാ കരാർ പ്രകാരം ഇവർക്ക് മറ്റു ജി.സി.സി.രാജ്യങ്ങളിലും പ്രവേശന വിലക്ക് ഏർപ്പെടുത്തും.