അയ്യായിരത്തിലേറെ സർക്കാർ ജീവനക്കാർ വിരമിച്ചു; ആനുകൂല്യങ്ങൾ വൈകിയാൽ നടപടി

കോളേജ് അധ്യാപകർ ഉൾപ്പെടെ അയ്യായിരത്തിലേറെ സർക്കാർ ജീവനക്കാർ വെള്ളിയാഴ്ച ഔദ്യോഗിക ജീവിതത്തിന്റെ പടവുകളിറങ്ങി. വെള്ളിയാഴ്ച 56 വയസ്സ് പൂർത്തിയാകുന്നവരാണിവർ.

വിരമിക്കുന്നവർക്ക് അർഹമായ ആനുകൂല്യങ്ങൾ നൽകാൻ സർക്കാരിന് 1600 കോടിയിലേറെ വേണമെന്നാണ് പ്രാഥമിക കണക്ക്. വിരമിക്കൽ ആനുകൂല്യങ്ങൾ ഒരുമാസത്തിനുള്ളിൽ അനുവദിക്കണമെന്ന് അടുത്തിടെ ധനകാര്യവകുപ്പ് ഉത്തരവിട്ടിരുന്നു. വൈകിയാൽ ഇതിന് ചുമതലയുള്ള ഉദ്യോഗസ്ഥരെ കുറ്റക്കാരായിക്കണ്ട് നടപടിയെടുക്കും. ആനുകൂല്യങ്ങൾ വൈകുമ്പോൾ പലിശയടക്കം നൽകേണ്ടിവരും. ഇത് സർക്കാരിന് വൻബാധ്യതയാണ് വരുത്തുന്നത്. ഇതൊഴിവാക്കാനാണ് വിരമിക്കൽ ആനുകൂല്യങ്ങൾ എത്രയുംവേഗം നൽകാൻ തീരുമാനിച്ചത്.

ഇത്തവണ വിരമിക്കുന്നവരുടെ എണ്ണം മുൻവർഷങ്ങളെക്കാൾ കൂടുതലായിരിക്കുമെന്നാണ് നിഗമനം. ഇത് സംബന്ധിച്ച ക്രോഡീകരിച്ച കണക്കുകൾ ഇപ്പോൾ ലഭ്യമല്ല. സർക്കാർ ജീവനക്കാരുടെ ശമ്പളവിതരണത്തിനുള്ള ഓൺലൈൻ സംവിധാനമായ സ്പാർക്കിന്റെ വിവരശേഖരണത്തിൽ ഈവർഷം മേയ് 31-ന് 56 വയസ്സെത്തുന്ന അയ്യായിരത്തിലേറെപ്പേരുണ്ട്. സ്വാഭാവികമായും ഇവരെല്ലാം വിരമിക്കണം. വിരമിച്ചുവെന്ന് സോഫ്റ്റ് വേറിൽ അടയാളപ്പെടുത്തിയാലോ കൃത്യമായ വിവരങ്ങൾ അറിയാനാവൂ, ഇക്കൂട്ടത്തിൽ സ്‌കൂൾ അധ്യാപകരില്ല. അവർ മാർച്ച് 31-നാണ് വിരമിക്കുന്നത്.

കേരളത്തിൽ സർക്കാർ നിയമനങ്ങൾ കൂടുതലായി നടന്നത് 1980-കളുടെ പകുതിയോടെയാണ്. അക്കാലയളവിൽ സർവീസിൽ എത്തിയവരിൽ ഭൂരിഭാഗവും ഈ വർഷങ്ങളിൽ വിരമിക്കൽ പ്രായത്തിലെത്തും. ഇതാണ് ഈ വർഷവും വരുന്ന ഏതാനും വർഷങ്ങളിലും കൂടുതൽപ്പേർ വിരമിക്കുമെന്ന് അനുമാനിക്കാൻ കാരണം.

ജനന രജിസ്‌ട്രേഷൻ നിലവിലില്ലാതിരുന്ന കാലത്ത് സ്‌കൂളിൽ ജനനത്തീയതി മേയ് 31 ആയി രേഖപ്പെടുത്തുന്ന പതിവിലൂടെയാണ് ഒട്ടേറെപ്പേരുടെ ജനനത്തീയതി ഔദ്യോഗിക രേഖകളിൽ ഒരുപോലെയായത്. എല്ലാ മേയ് 31-നുമുള്ള കൂട്ട വിരമിക്കലുകളുടെ കാരണമിതാണ്.