കുവൈത്ത് സിറ്റി: രാജ്യത്തെ ഇന്ത്യൻ തൊഴിലാളികളുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞതായി കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക. ഇത് ഇന്ത്യയും കുവൈത്തും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തിന് അടിവരയിടുന്ന സുപ്രധാന നാഴികക്കല്ലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡോക്ടർമാർ, എഞ്ചിനീയർമാർ, നഴ്‌സുമാർ , ഗാർഹിക തൊഴിലാളികൾ തുടങ്ങി ഇന്ത്യയിൽ നിന്നുള്ള ധാരാളം വൈദഗ്‌ധ്യമുള്ള പ്രൊഫഷണലുകൾ കുവൈറ്റ് സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളിൽ സംഭാവന നൽകിയിട്ടുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. കൂടാതെ “ഏക് പെദ് മാ കെ നാം” എന്ന പേരിൽ ഒരു പുതിയ പരിസ്ഥിതി സംരംഭവും ഡോ. ആദർശ് സ്വൈക അവതരിപ്പിച്ചു. ലോക പരിസ്ഥിതി ദിനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം ആരംഭിച്ച ഈ സംരംഭം ഇനി കുവൈറ്റിലും നടപ്പിലാക്കും. അമ്മമാരുടെ ബഹുമാനാർത്ഥം മരങ്ങൾ നട്ടുപിടിപ്പിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സുസ്ഥിരതയും പരിസ്ഥിതി അവബോധവും പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പരിസ്ഥിതി പബ്ലിക് അതോറിറ്റിയുടെയും അൽ ഫർവാനിയ ഗവർണറേറ്റിൻ്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇരു രാജ്യങ്ങളുടെയും ഹരിത ഭാവി വളർത്തിയെടുക്കുന്നതിനൊപ്പം ശക്തമായ സാംസ്കാരിക ബന്ധത്തെയും സൂചിപ്പിക്കുന്നതാണ് പദ്ധതിയെന്ന് അദ്ദേഹം വ്യക്തമാക്കി.