പത്ത് മാസത്തെ കാലാവധി; മെച്ചപ്പെട്ട വികസന പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് കുവൈറ്റിലെ പുതിയ മന്ത്രിസഭ

കുവൈറ്റ്: രാജ്യത്തെ കഴിഞ്ഞ ദിവസം അധികാരമേറ്റ മന്ത്രിസഭയക്ക് ഇനി പത്ത് മാസത്തേ കാലവധി മാത്രമാണുള്ളത്. അടുത്ത വർഷം അവസാനത്തോടെ പൊതു തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കിട്ടിയ ചുരുങ്ങിയ സമയത്തിനുള്ളിൽ മെച്ചപ്പെട്ട പ്രവർത്തനങ്ങൾ നടപ്പിലാക്കാനാണ് ഓരോ മന്ത്രിമാരും ലക്ഷ്യമിടുന്നത്. ഇതിനായുള്ള തങ്ങളുടെ കാഴ്ചപ്പാടുകളും പ്രവര്‍ത്തന പദ്ധതികളും ഓരോ വകുപ്പ് മന്ത്രിമാർ ഇപ്പോൾ തന്നെ പ്രഖ്യാപിച്ച് തുടങ്ങി.

ധനമേഖലയില്‍ സമഗ്ര മാറ്റങ്ങളാണ് രാജ്യത്തെ ആദ്യത്തെ വനിത ധനമന്ത്രിയായ മറിയം അഖീൽ അൽ അഖീൽ ലക്ഷ്യമിടുന്നത്. ഗൾഫ് രാജ്യങ്ങളിൽ തന്നെ ആദ്യമായി ധനമന്ത്രി സ്ഥാനത്തേക്കെത്തിയ ആളാണ് മറിയം. പങ്കാളിത്ത വികസനത്തിന് ഊന്നല്‍ നൽകിയുള്ള പ്രവര്‍ത്തനങ്ങൾക്കാണ് ധനമന്ത്രി ലക്ഷ്യമിടുന്നത്. പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും പൊതുസമൂഹത്തിലെയും പങ്കാളിത്തത്തിനാകും മുൻതൂക്കം നല്‍കുന്നത്. അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് വിഭാവനം ചെയ്ത `പുതിയ കുവൈത്ത്-2035` എന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തെ എത്തിക്കാനുള്ള നീക്കം ശക്തമാക്കും. രാജ്യത്തിന്റെയും ജനങ്ങളുടെയും ആഗ്രഹങ്ങൾക്ക് അനുയോജ്യമായ തീരുമാനങ്ങളാകും നടപ്പിലാക്കുക എന്നും ധനമന്ത്രി വ്യക്തമാക്കി.

ആരോഗ്യ മേഖലയിൽ സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷൻ നടപ്പാക്കുകയാണ് പ്രധാന തീരുമാനമെന്നാണ് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസിൽ അൽ സബാഹ് അറിയിച്ചിരിക്കുന്നത്. മരുന്നുകളുടെ കുറിപ്പ് മുതലുള്ള സേവനങ്ങളെല്ലാം തന്നെ ഇ-സംവിധാനമാകും. മെഡിക്കൽ റെസ്പോൺസിബിലിറ്റി നിയമം, ഫുഡ് ആൻഡ് ഡ്രഗ്സ് അതോറിറ്റി നിയമം എന്നിവയും കൊണ്ടുവരും. ആരോഗ്യ മന്ത്രാലയത്തിന്റെ നിലവിലെ ഘടനയിൽ മാറ്റം വരുത്താനും നീക്കങ്ങളുണ്ട്. മേഖലകളെ ജനസംഖ്യ അടിസ്ഥാനപ്പെടുത്തി തരംതിരിച്ച് സേവന കേന്ദ്രങ്ങള്‍ കൊണ്ടു വരും. ചികിത്സയ്ക്കായി ആളുകൾക്ക് ദീർഘനേരം കാത്തിരിക്കേണ്ടി വരുന്നത് ആശുപത്രികളുടെ സേവന മികവിനെ മോശമായി ബാധിക്കുമെന്ന് വ്യക്തമായതിനെ തുടർന്നാണിത്.