കുവൈറ്റ് സിറ്റി : കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (PAFN) ശുബ്ര അൽ-ജലീബ് മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ അജ്ഞാത ഉറവിടത്തിലുള്ള ഏകദേശം 100 കിലോഗ്രാം മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. ഭക്ഷ്യസ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ എട്ട് നിയമലംഘന റിപ്പോർട്ടുകൾ പുറപ്പെടുവിച്ചതായി അതോറിറ്റി അറിയിച്ചു.
പരിശോധനയുടെ ഭാഗമായി മാറ്റം വരുത്തിയതോ മായം കലർത്തിയതോ ആയ ഭക്ഷണം വിൽപ്പന നടത്തിയതിന് നാല് റിപ്പോർട്ടുകളും, ഉറവിടം വ്യക്തമല്ലാത്ത ഏകദേശം 100 കിലോഗ്രാം മാംസം നശിപ്പിക്കുന്നതിനായി നാല് റിപ്പോർട്ടുകളും രജിസ്റ്റർ ചെയ്തു. കുവൈത്തിലെ വിവിധ ഗവർണറേറ്റുകളിലെ ഭക്ഷ്യസ്ഥാപനങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലും പരിശോധനാ ക്യാമ്പയിനുകൾ തുടരുമെന്ന് PAFN വ്യക്തമാക്കി.
ഉപഭോക്താക്കളുടെ ആരോഗ്യ സംരക്ഷണം, വിപണിയിൽ വിതരണം ചെയ്യുന്ന ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കൽ എന്നിവ ലക്ഷ്യമിട്ടാണ് പരിശോധനകളും നിയമനടപടികളും ശക്തമാക്കുന്നതെന്നും അതോറിറ്റി അറിയിച്ചു.






























