മാംഗോ ഫോൺ ഉദ്ഘാടന സമയത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി , തനിക്കെതിരെ അടിസ്ഥാനരഹിത ആരോപണമുന്നയിച്ച പി ടി തോമസ് മാപ്പുപറയണമെന്ന് പിണറായി വിജയൻ സഭയിൽ ആവശ്യപ്പെട്ടു

മുട്ടിൽ മരം കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ളവരുടെ ഉടമസ്ത്ഥയിലുള്ള
മാംഗോ മൊബൈൽ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ പി.ടി തോമസ് നടത്തിയ അടിസ്ഥാനരഹിതമായ ആരോപണത്തിൽ നിയമസഭയിൽ തിരിച്ചടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാംഗോ മൊബൈല്‍ ഉദ്ഘാടനം ചെയ്യാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചെന്നും ഉദ്ഘാടനത്തിന് തൊട്ടുമുന്‍പ് മാംഗോ മൊബൈല്‍ ഉടമ അറസ്റ്റിലായെന്നുമുള്ള പി.ടി തോമസ് എംഎല്‍എയുടെ ആരോപണത്തിനെതിരെയാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്.മുട്ടിൽ വനം കൊള്ളയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസ് അവതരണത്തിനിടെയായിരുന്നു പി.ടി തോമസിന്‍റെ ആരോപണം

2016 ഫെബ്രുവരി 29 നാണ് മാംഗോ ഫോണ്‍ കമ്പനി ഉടമകള്‍ അറസ്റ്റിലായത്. അന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയായിരുന്നെന്നും പിണറായി വിജയൻ പറഞ്ഞു. തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തിയതിന് പിടി തോമസ് നിയമസഭയിൽ മാപ്പു പറയണം എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ബജറ്റിന്മേലുള്ള പൊതുചര്‍ച്ചയ്ക്കിടെയായിരുന്നു മുഖ്യമന്ത്രി ആരോപണങ്ങളോട് പ്രതികരിച്ചത്. വനം കൊള്ളയുമായി ബന്ധപ്പെട്ട് ആദ്യമായാണ് മുഖ്യമന്ത്രി പ്രതികരിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ വാക്കുകൾ:

അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളുന്നയിച്ച് തെറ്റിദ്ധാരണ ജനിപ്പിക്കാനായി സഭയെ ദുരുപയോഗിക്കുന്നതിനെതിരെ ഞാന്‍ മുമ്പും ഈ സഭയില്‍ അഭിപ്രായ പ്രകടനം നടത്തിയിട്ടുണ്ട്. സഭാവേദി നല്‍കുന്ന പരിരക്ഷ രാഷ്ട്രീയമായി ആവര്‍ത്തിച്ചു ദുരുപയോഗിക്കുന്നതു വീണ്ടും സഭാധ്യക്ഷന്‍റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടി വന്നിരിക്കുകയാണ്.

മാംഗോ ഫോണ്‍ മൊബൈല്‍ ഫോണ്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുംമുമ്പ് അതിന്റെ പിന്നിലുള്ള പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു എന്ന് പി.ടി. തോമസ് കഴിഞ്ഞ ദിവസം ഒരു പരാമര്‍ശം ഈ സഭയില്‍ നടത്തി. എന്റെ മേല്‍വന്നു തറയ്ക്കുന്നതായി ആരെങ്കിലും കരുതുന്നെങ്കില്‍ കരുതിക്കോട്ടെ എന്നതാവും ഈ ആരോപണമുന്നയിച്ചതിനു പിന്നിലെ ദുഷ്ടലാക്ക്. മുഖ്യമന്ത്രി ആരാണ് എന്നു പറയാതെയാണ് പി.ടി. തോമസ് ഇതു പറഞ്ഞതെങ്കിലും അറസ്റ്റിലാവേണ്ട തരം പ്രതികളുടെ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ ഞാൻ പോയി എന്ന പ്രതീതായാണുണ്ടായത്. ഇത് സത്യമല്ല. 2016 ഫെബ്രുവരി 29 നാണ് മാംഗോ ഫോണ്‍ കമ്പനി ഉടമകള്‍ അറസ്റ്റിലായത്. ഞാന്‍ അന്നു മുഖ്യമന്ത്രിയേ അല്ല. അന്നു മുഖ്യമന്ത്രി ആരായിരുന്നുവെന്നു ഞാന്‍ പറയേണ്ട കാര്യമില്ല. അത് എന്നെക്കൊണ്ടു പറയിക്കുന്നതില്‍ പി.ടി. തോമസിനു പ്രത്യേകമായ സന്തോഷമെന്തെങ്കിലും ഉണ്ടോ എന്ന് എനിക്കു നിശ്ചയമില്ല.

ഏതായാലും, പട്ടാപ്പകലിനെ കുറ്റാക്കുറ്റിരുട്ടായി ചിത്രീകരിക്കുന്ന രീതികള്‍ക്കായി സഭ ദുരുപയോഗിക്കപ്പെട്ടുകൂടാ. പകുതി മാത്രം പറഞ്ഞ്, അതുകൊണ്ട് തെറ്റിദ്ധാരണയുടെ ഒരു മൂടല്‍മഞ്ഞുണ്ടാക്കി ഇന്നത്തെ മുഖ്യമന്ത്രിയെ അതിന്‍റെ മറവില്‍ നിര്‍ത്താന്‍ നോക്കുക. അതാണ് നടന്നത്. മുഖ്യമന്ത്രിയെ നിങ്ങള്‍ കൊണ്ടുവരുന്ന മൂടല്‍മഞ്ഞിനു കീഴ്പ്പെടുത്താനാവില്ല എന്നുമാത്രം പറയട്ടെ.

തട്ടിപ്പുകാരുടെ സ്വാധീനത്തില്‍ നില്‍ക്കുന്നത് ഞാനല്ല. ഇന്നത്തെ മുഖ്യമന്ത്രിയല്ല. അവരുടെ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ ഏറ്റത് ഞാനല്ല. ഈ മുഖ്യമന്ത്രിയല്ല. ഏതു മുഖ്യമന്ത്രിയുടെ മേലായിരുന്നു സ്വാധീനമെന്ന് അന്നത്തെ തീയതിയും കലണ്ടറും വെച്ച് പി.ടി. തോമസ് കണ്ടുപിടിക്കട്ടെ. എനിക്കു പറയാനുള്ളത്, സഭാതലം തെറ്റിദ്ധരിപ്പിക്കലിനുള്ള വേദിയാക്കുന്നത് അനുവദിക്കരുത് എന്നാണ്. സഭാതലത്തെ ആ വിധത്തില്‍ ദുരുപയോഗിച്ചതിന് സാധാരണ നിലയിൽ സഭയോട് ആ അംഗം മാപ്പുപറയുകയാണ് വേണ്ടത്. മാപ്പു പറയാൻ അഭ്യര്‍ത്ഥിക്കുകയാണ്.