ലക്ഷദ്വീപിൽ മത്സ്യ ബന്ധന ബോട്ടുകളിൽ സർക്കാർ ഉദ്യോഗസ്ഥൻ വേണമെന്ന ഉത്തരവ് പിൻവലിച്ചു

കവരത്തി: ലക്ഷദ്വീപില്‍ സുരക്ഷയുടെ പേരില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഇറക്കിയ വിവാദ ഉത്തരവ് പിന്‍വലിച്ചു. മീന്‍ പിടുത്ത ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന ഉത്തരവാണ് പിന്‍വലിച്ചത്. ദ്വീപ് നിവാസികളിൽ നിന്നും ഉദ്യോഗസ്ഥ തലത്തിൽ നിന്നും ഉയർന്ന വ്യാപക പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം.
കപ്പലുകള്‍ നങ്കൂരമിടുന്നിടത്തും ഹെലിപാഡുകളിലും ഇന്റലിജന്‍സ് ഓഫിസര്‍മാര്‍ വേണം എന്ന ഉത്തരവും റദ്ദാക്കിയിട്ടുണ്ട്.

ദ്വീപില്‍ സുരക്ഷ വര്‍ധിപ്പിക്കാനും മയക്കുമരുന്ന് കടത്ത് അടക്കമുള്ളവ തടയാനും സഹായിക്കുമെന്ന ഭാഗത്തോടെ ആയിരുന്നു അധികൃതർ പുതിയ ഉത്തരവിറക്കിയത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ അഡ്വെെസറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ലക്ഷദ്വീപിലെത്തുന്നവരെയും മത്സ്യബന്ധനത്തൊഴിലാളികളെയും നിരീക്ഷിക്കാന്‍ തീരുമാനിച്ചത്.ഷിപ്പിയാര്‍ഡുകളില്‍ സി.സി.ടി.വികള്‍ സ്ഥാപിക്കാനും തീരുമാനിച്ചിരുന്നു.കോസ്റ്റ് ഗാര്‍ഡും നാവികസേനയും അടക്കമുള്ള സുരക്ഷാ വിഭാഗം നിലവിൽ ലക്ഷദ്വീപിൽ കര്‍ശന പരിശോധന നടത്തുന്നുണ്ട് ഇതിനിടെ ആയിരുന്നു പുതിയ ഉത്തരവ്