ഒമിക്രോൺ ജാഗ്രത; കുവൈത്ത് മന്ത്രിസഭായോഗമിന്ന്

കുവൈത്ത് സിറ്റി : കോവിഡിൻ്റെ പുതിയ വകഭേദമായ ഒമിക്രോണുമായി ബന്ധപ്പെട്ട് ദേശീയവും അന്തർദ്ദേശീയവുമായ എപ്പിഡെമോളജിക്കൽ സാഹചര്യങ്ങളും ഏറ്റവും പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇന്നു മന്ത്രിസഭാ യോഗം ചേരും. വിഷയവുമായി ബന്ധപ്പെട്ട് കൊറോണ അടിയന്തര സാഹചര്യങ്ങൾക്കായുള്ള മന്ത്രിതല സമിതി ഇന്നലെ ബയാൻ പാലസിൽ യോഗം ചേർന്നിരുന്നു. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും കമ്മിറ്റി ചെയർമാനുമായ ഷെയ്ഖ് ഹമദ് അൽ അലിയുടെ അധ്യക്ഷതയിലായിരുന്നു കൊറോണ എമർജൻസി കമ്മിറ്റി അടിയന്തര യോഗം .രാജ്യത്തെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് ബന്ധപ്പെട്ട സർക്കാർ ഏജൻസികളിൽ നിന്ന് ലഭിച്ച ഏറ്റവും പുതിയ റിപ്പോർട്ടുകൾ യോഗത്തിൽ അവതരിപ്പിച്ചിരുന്നു. യോഗത്തിൽ മുന്നോട്ടുവെച്ച നിർദ്ദേശങ്ങളിൽ പ്രധാനപ്പെട്ടവ ഇവയാണ് –
വിദേശത്ത് നിന്ന് വരുന്നവർക്ക് രണ്ട് തവണ PCR പരിശോധന നടത്തുക അവരെ ദിവസങ്ങളോളം ഹോം_ക്വാറന്റൈനിൽ താമസിപ്പിക്കുക, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് നേരിട്ടുള്ള പ്രവേശം നിരോധിക്കുക, അടച്ചിട്ട പൊതുസ്ഥലങ്ങളിലെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുകയും പാലിക്കാത്തവർക്കെതിരെ നടപടിയെടുക്കുക തുടങ്ങിയവ.ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ ഇവ സംബന്ധിച്ച് ചർച്ച ചെയ്യും.