കുവൈത്ത് സിറ്റി : കുവൈത്തിലേക്ക് ആദ്യമായി വരുന്നവരുടെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് പരിശോധനക്ക് പുതിയ സംവിധാനം നടപ്പിലാക്കുന്നു. തൊഴിൽ കുടുംബ വിശകലരുന്നവർക്കാണ് ഇത്. ഇത്തരത്തിൽ എത്തുന്നവർക്ക് ക്രിമിനൽ റെക്കോർഡുകളില്ല എന്നുറപ്പാക്കണം. അതോടൊപ്പം
സർക്കാർ ഇടപാടുകൾ പേപ്പർ രഹിതമാക്കുവാനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ സംവിധാനം എന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതനുസരിച്ച് കുവൈത്തിലേക്ക് വരുന്ന മേൽപ്പറഞ്ഞ വിഭാഗത്തിൽപ്പെടുന്ന പ്രവാസികൾ
അതത് രാജ്യങ്ങളിൽ നിന്നും ലഭിക്കുന്ന പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് അവിടെയുള്ള കുവൈത്ത് എംബസിയിൽ സമർപ്പിക്കണം.ഇതിനു ശേഷം കുവൈത്ത് എംബസി സർട്ടിഫിക്കറ്റിന്റെ ആധികാരികത പരിശോധിച്ച ശേഷം ഇവ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിൽ അയക്കുകയും അവിടെ നിന്ന് എംബസിക്ക് ഓൺ ലൈൻ വഴി ക്ലിയറൻസ് ലഭിക്കുകയും വേണം.
ഇത്തരത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മാത്രമേ പ്രവാസികളുടെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ കുവൈത്ത് എംബസി അറ്റസ്റ്റ് ചെയ്ത് നൽകുകയുള്ളൂ . ആദ്യഘട്ടത്തിൽ, ഇന്ത്യയിലെ കുവൈത്ത് എംബസി വഴിയാണു പുതിയ സംവിധാനം നടപ്പിലാക്കുന്നത്.
ഈ വർഷം സെപ്തംബർ മാസത്തോട് കൂടി മറ്റു രാജ്യങ്ങൾക്കും പുതിയ സംവിധാനം ബാധകമാക്കും. ഇതിനായി ആഭ്യന്തര മന്ത്രാലയവും വിദേശ കാര്യ മന്ത്രാലയവും തമ്മിൽ ഏകോപനം നടത്തി വരുന്നതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു.