കാലാവധി കഴിഞ്ഞ കരാറുകളുടെ ഭാഗമായി തൊഴിൽ ചെയ്യുന്ന മുക്കാൽ ലക്ഷം തൊഴിലാളികൾക്ക് മുന്നറിയിപ്പുമായി കുവൈറ്റ് അധികൃതർ.

കുവൈറ്റ് സിറ്റി : കാലവധി കഴിഞ്ഞ കരാറുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 74,000 തൊഴിലാളികൾക്ക് മുന്നറിയിപ്പുമായാണ് കുവൈറ്റ് മാൻ പവർ അതോറിറ്റി രംഗത്തെത്തിയത്. ഇത്തരത്തിലുള്ളവർ വർക്ക് പെർമിറ്റ് മാറ്റുകയോ, നാട് വിടുകയോ ചെയ്യണമെന്ന് മാൻ പവർ അതോറിറ്റി അറിയിച്ചു. കാലാവധി കഴിഞ്ഞ കരാറിൽ തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടെങ്കിൽ കോൺട്രാക്ടർ ക്കെതിരെ നടപടിയെടുക്കുമെന്ന് പബ്ളിക് മാൻ പവർ അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടർ ഡോ: മുബാറക് അൽ അസ്മി അറിയിച്ചു. കാലാവധി കഴിഞ്ഞ കരാറിൽ രജിസ്റ്റർ ചെയ്തിട്ടുളള തൊഴിലാളികൾ വിസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണം. ഇക്കാര്യങ്ങൾ ചെയ്യാൻ കോൺട്രാക്ടർ തയ്യാറാകണം, അല്ലാത്ത പക്ഷം വർക്ക് പെർമിറ്റ് മാറാൻ തൊഴിലാളികൾക്ക് സമയം അനുവദിക്കുമെന്നും മുബാറക് അൽ- അസ്മി വ്യക്തമാക്കി.

നിലവിൽ ഏകദേശം 850 ഓളം സർക്കാർ കരാറുകളുടെ കാലാവധി കഴിഞ്ഞിട്ടുണ്ട്. കാലാവധി കഴിഞ്ഞ കരാറുകളിൽ ഉൾപ്പെട്ട 85,000 ഓളം പേർ കഴിഞ്ഞ നാല് മാസത്തിനിടെ പ്രശ്നപരിഹാരം ഉണ്ടാക്കുകയോ, കുവൈറ്റ് വിടുകയോ ചെയ്തു. കാലാവധി കഴിഞ്ഞ കരാറിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ എണ്ണം കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഒന്നര ലക്ഷം പിന്നിട്ടിരുന്നു.