വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 75 ദിനാർ പിഴ; കോടതിയിലെത്തിയാൽ 300 ദിനാർ വരെ

0
9

കുവൈറ്റ് സിറ്റി : കുവൈത്തിലെ പുതിയ ട്രാഫിക് നിയമപ്രകാരം വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 75 കുവൈത്തി ദിനാർ സെറ്റിൽമെന്റ് പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി മീഡിയ വിഭാഗം ടെലിവിഷൻ വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണൽ ഷഹീൻ അൽ-ഗരീബ് സെക്കൻഡ് റേഡിയോ പ്രോഗ്രാമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പുതിയ ട്രാഫിക് നിയമത്തിന്റെ ലക്ഷ്യം പിഴ ഈടാക്കൽ മാത്രമല്ലെന്നും അപകടങ്ങൾക്ക് കാരണമാകുന്ന അപകടകരമായ ഡ്രൈവിങ് രീതികൾ കുറച്ച് ജീവൻ സംരക്ഷിക്കുകയാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗുരുതരനിയമലംഘനങ്ങൾക്ക്കർശന നടപടി

ട്രാഫിക് നിയമലംഘനങ്ങളിൽ ഭൂരിഭാഗവും നിശ്ചിത നടപടിക്രമങ്ങൾ പാലിച്ച് സെറ്റിൽമെന്റ് വഴി തീർപ്പാക്കാൻ കഴിയുമെന്ന് അൽ-ഗരീബ് വ്യക്തമാക്കി. എന്നാൽ റോഡ് ഉപയോക്താക്കളുടെ സുരക്ഷയെ നേരിട്ട് ബാധിക്കുന്ന ഗുരുതര നിയമലംഘനങ്ങൾ ട്രാഫിക് കോടതിയിലേക്ക് മാറ്റും. ഇത്തരം കേസുകളിൽ സെറ്റിൽമെന്റ് അനുവദിക്കില്ല.

കേസ് ട്രാഫിക് കോടതിയിലേക്ക് റഫർ ചെയ്താൽ 150 ദിനാർ വരെ പിഴ ചുമത്താം. എന്നാൽ പരമാവധി പിഴ 300 ദിനാറിൽ കവിയില്ല. ചില സാഹചര്യങ്ങളിൽ മൂന്ന് മാസം വരെ തടവ് ലഭിക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ ട്രാഫിക് നിയമം നടപ്പാക്കുന്നത് തുടരുന്നതിനിടെ റോഡ് സുരക്ഷാ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.