ജപ്പാൻ പ്രധാനമന്ത്രിക്ക് അമീറിന്റെ സന്ദേശം കൈമാറി ഷെയ്ഖ് ജറാഹ്

0
8

കുവൈറ്റ് സിറ്റി : കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ്, ജപ്പാൻ പ്രധാനമന്ത്രി സനെ തകായിച്ചിക്ക് എഴുതിയ സന്ദേശം വിദേശകാര്യ മന്ത്രി ഷെയ്ഖ് ജറാഹ് ജാബർ അൽ-അഹമ്മദ് അൽ-സബാഹ് കൈമാറി.

ബുധനാഴ്ച ടോക്കിയോയിൽ ജപ്പാൻ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് അമീറിന്റെ സന്ദേശം കൈമാറിയത്. ജപ്പാൻ സന്ദർശനത്തിന്റെ ഭാഗമായാണ് ഷെയ്ഖ് ജറാഹ് ജപ്പാൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

കുവൈത്തും ജപ്പാനും തമ്മിലുള്ള ദീർഘകാല സൗഹൃദ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും നിലവിലെ പ്രാദേശിക സംഭവവികാസങ്ങളുമാണ് അമീറിന്റെ സന്ദേശത്തിലെ പ്രധാന വിഷയങ്ങൾ.

ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ അടുത്ത ബന്ധം കൂടുതൽ വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യം സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. മേഖലയിൽ നിലനിൽക്കുന്ന വിവിധ വിഷയങ്ങളിൽ തുടർച്ചയായ സംവാദവും ഏകോപനവും ആവശ്യമാണെന്നും സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

കുവൈത്തും ജപ്പാനും തമ്മിലുള്ള ഉഭയകക്ഷി പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിനും വിവിധ മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കൂടിക്കാഴ്ച.കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സമഗ്രമായ തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്തിയിരുന്നു.