കുവൈത്ത് സിറ്റി : പൊള്ളയായ വാഗ്ദാനം നൽകി പാലസ്തീൻ സ്വദേശിയെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ സിറിയൻ വംശജൻ അറസ്റ്റിൽ. പ്രതിയെ പൊതു വിചാരണ ചെയ്യാൻ നിർദ്ദേശം നൽകിയതായി അൽ അൻബാ പത്രം റിപ്പോർട്ട് ചെയ്തു. കുവൈത്ത് പ്രതിരോധ മന്ത്രാലയത്തിന് സ്റ്റെറിലൈസറും ആരോഗ്യ വസ്തുക്കളും നല്കുന്നതിനുള്ള കരാർ ലഭിച്ചുവെന്ന് തെറ്റിദ്ധരിപ്പിച്ച് പലസ്തീനിയിൽ നിന്നും 1500 ദിനാർ കൈവശപ്പെടുത്തി എന്നാണ് കേസ്. 350 ദിനാർ ലാഭവിഹിതത്തോടെ പണം തിരിച്ചു നൽകാം എന്നാണ് ഇയാൾ വാഗ്ദാനം ചെയ്തിരുന്നതെന്നും അന്വേഷണസംഘം പറഞ്ഞു. എന്നാൽ ചോദ്യം ചെയ്യലിൽ പ്രതി കുറ്റങ്ങളെല്ലാം നിഷേധിച്ചിരുന്നു. പണം കടമായി വാങ്ങിയതാണെന്നും തൻറെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നത് അനുസരിച്ച് അത് തിരിച്ചു നൽകും എന്നായിരുന്നു നിബന്ധനയെന്നും അയാൾ അന്വേഷണസംഘത്തോട് പറഞ്ഞു. പാലസ്തീൻ സ്വദേശി നൽകിയ ഫോൺ സംഭാഷണങ്ങളുടെ റെക്കോർഡ് കേസിൽ നിർണായക തെളിവായി. ഇരുവരുടെയും സംഭാഷണത്തിൽ നിന്നും കേസിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശരിയാണെന്ന് തെളിഞ്ഞു