കുവൈറ്റ്: മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന കുവൈറ്റ് വ്യോമയാന പ്രദർശനത്തിന് തുടക്കമായി.’വിഷൻ 2035’പദ്ധതിയുടെ ഭാഗമായി വിദേശ നിക്ഷേപകരെ ആകർഷിക്കാൻ കൂടി ലക്ഷ്യമിട്ടാണ് ഇത്തവണത്തെ പ്രദർശനം സംഘടിപ്പിക്കുന്നത്. വ്യോമയാന രംഗത്തെ ഏറ്റവും പുതിയ മാറ്റങ്ങൾ വരെ പ്രദർശിപ്പിക്കാനുള്ള ഒരു അവസരമാണീ ഷോയെന്നാണ് ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) പ്രസിഡന്റ് ഷെയ്ഖ് സല്‍മാൻ അൽ സബാഹ് ഉദ്ഘാടന ചടങ്ങിനിടെ പറഞ്ഞത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മികച്ച സ്വീകാര്യതയാണ് ഇത്തവണ ഷോയ്ക്ക് ലഭിക്കുന്നതെന്നും അന്തരാഷ്ട്ര കമ്പനികൾ വരെ പങ്കെടുക്കുന്നതിനാൽ വ്യോമയാന വ്യവസായ മേഖലകൾക്കും ഇത് നല്ല അവസരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുവൈറ്റ് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹിന്റെ രക്ഷകർതൃത്തിലാണ് പരിപാടി, കുവൈറ്റ് അന്തരാഷ്ട്ര വിമാനത്താവളത്തിന് അനുബന്ധമായുള്ള അമീരി എയർപോർട്ടിലാണ് വ്യോമയാന പ്രദർശനം നടക്കുന്നത്. വിമാനങ്ങളുടെ അഭ്യാസ പ്രകടനങ്ങൾക്ക് പുറമെ വിമാനങ്ങൾ, ഹെലികോപ്ടറുകൾ, എൻജിൻ, നാവിഗേഷൻ ഉപകരണങ്ങൾ എന്നിവയുടെ പ്രദർശനവുമുണ്ട്. സൈനിക-വ്യാവസായിക ഉപയോഗങ്ങൾക്കുള്ള ഏറ്റവും പുതിയ എയർക്രാഫ്റ്റുകള്‍, സ്വകാര്യ വിമാനങ്ങൾ, എയർ ആംബുലന്‍സുകള്‍, ഹെലികോപ്ടറുകൾ എന്നിവയും മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്.
പ്രദര്‍ശനത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല. ആദ്യദിനം വിഐപികൾക്കും രണ്ടാം ദിവസം മന്ത്രിമാർ, സർക്കാർ വകുപ്പുകൾ, കമ്പനികൾ എന്നിവർക്കാണ് പ്രവേശനം.മൂന്നാം ദിനം മുതൽ പൊതുജനങ്ങൾക്കും ഷോ കാണാൻ അവസരമുണ്ടാകും. പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, അമീരി ദിവാൻ, സിവിൽ ഏവിയേഷൻ വകുപ്പ്, വാർത്താവിനിമയ മന്ത്രാലയം എന്നിവയുടെ സംയുക്ത സഹകരണത്തിലാണ് പരിപാടി. പ്രദർശനത്തിനൊപ്പം സെമിനാറുകളും മറ്റ് വൈജ്ഞാനിക പരിപാടികളും സംഘടിപ്പിക്കും.






























