മിർഖാബ് പ്രദേശത്ത് പ്രാവ് പിടുത്തം: അജ്ഞാതനെ തേടി കുവൈറ്റ് പൊലീസ്

കുവൈറ്റ്: പ്രാവുകളുടെ വിഹര കേന്ദ്രമായ മിർഖാബിൽ നിന്ന് പ്രാവുകളെ പിടിച്ചു കൊണ്ടു പോയ അജ്ഞാതനെ തേടി പൊലീസ്. വല ഉപയോഗിച്ച് പ്രാവുകളെ പിടിച്ച ശേഷം അവയുമായി കാറിൽ കയറി പോകുന്ന അജ്ഞാതനായ വ്യക്തിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ഇടപെട്ടത്.

2014 ലെ പാരിസ്ഥിതിക സംരക്ഷണ നിയമങ്ങളുടെ ലംഘനമാണ് ഇയാളുടെ നടപടി. ഭേദഗതി വരുത്തിയ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 100 അനുസരിച്ച് വന്യ-സമുദ്ര ജീവികളെ വേട്ടയാടുന്നതും കൊല്ലുന്നതും പിടിച്ചു കൊണ്ടു പോകുന്നതും അല്ലെങ്കിൽ അവയ്ക്ക് ദ്രോഹം ചെയ്യുന്നതും ശിക്ഷാർഹമാണ്. നിയമം ലംഘിച്ചാൽ 250 മുതൽ 5000 ദിനാർ വരെ പിഴ അടയ്ക്കേണ്ടി വരും.